പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷത്തിലാണ് വാണിമേൽ പന്നിയേരി പട്ടികവർഗ കോളനിയിലെ ബിജു. അരനൂറ്റാണ്ടിലേറെക്കാലമായി ബിജുവിന്റെ അച്ഛൻ പറക്കാടൻ കുഞ്ഞന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ ഭൂമിയാണ് ബിജുവിന് ലഭിച്ചത്. ഈ ഭൂമിക്ക് കൈവശാവകാശരേഖകൾ ഉണ്ടായിരുന്നില്ല. രേഖകൾക്കായി ബിജു വിവിധ ഓഫീസുകളിൽ അപേക്ഷ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഈ സർക്കാർ പ്രഖ്യാപിച്ച ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന പദ്ധതിയിൽ വടകര ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകി. തുടർന്ന് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർകുമാറിന്റെ നിർദേശപ്രകാരം വിലങ്ങാട് വില്ലേജ് ഓഫീസർ പരിശോധന പൂർത്തിയാക്കി ബിജുവിനും കുടുംബ ത്തിനും പട്ടയം അനുവദിക്കുകയായിരുന്നു.
സംസ്ഥാന തല പട്ടയമേളയുടെ ഭാഗമായി കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ബിജുവിന് പട്ടയം കൈമാറിയത്. പട്ടയം ലഭിച്ചതിൽ സർക്കാരിനോട് അത്യധികം നന്ദിയും അതിലേറെ സന്തോഷവും ഉണ്ടെന്ന് പട്ടയ രേഖ ഏറ്റുവാങ്ങിക്കൊണ്ട് ബിജു പറഞ്ഞു.
ഇത്തരത്തിൽ വിവിധ വില്ലേജുകളിലായി അരനൂറ്റാണ്ടിലേറെ കാലമായി കൂടികിടപ്പായി ലഭിച്ചതും കൈവശം വച്ച് വീടു നിർമ്മിച്ചും കൃഷി ചെയ്തും വന്നിരുന്നതുമായ കൈവശരേഖകൾ ലഭിക്കാതിരുന്നതുമായ ഭൂമിക്കാണ് ജില്ലയിൽ പട്ടയ മേളയിലൂടെ ഭൂരേഖ ലഭ്യമായത്.