കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പള്ളുരുത്തി കടേഭാഗം സ്വദേശിനി തങ്കമ്മ രാജപ്പന്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് തങ്കമ്മയ്ക്ക് കിടപ്പാടത്തിന്റെ പട്ടയം കൈമാറി.
തോപ്പുംപടി ഹാര്‍ബര്‍ നിര്‍മ്മാണത്തിനുവേണ്ടി തോപ്പുംപടി വില്ലേജില്‍ പ്രസ്തുത സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങളെ രാമേശ്വരം വില്ലേജിലെ വ്യാസപുരം കോളനിയിലേക്ക് പുനരധിവസിപ്പിക്കുകയും പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് പ്ലോട്ട് അനുവദിച്ച് നല്‍കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ പ്ലോട്ട് ലഭ്യമായ കൗസല്യ ഗോപാലന്‍ തന്റെ പേരില്‍ പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതെ ഭൂമി തീറാധാരപ്രകാരം തങ്കമ്മ രാജപ്പന് കൈമാറുകയും തങ്കമ്മ രാജപ്പന്‍ സ്ഥലത്ത് കുടുംബസമേതം താമസം തുടരുകയും ചെയ്തു.
എന്നാല്‍ ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാല്‍ വീട് പുതുക്കി പണിയുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ തങ്കമ്മയ്ക്ക് സാധിച്ചിരുന്നില്ല. പട്ടിക ജാതി സമുദായത്തില്‍പ്പെടുന്ന തങ്കമ്മ രാജപ്പന്‍ 2007 ല്‍ പട്ടയത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും യഥാര്‍ത്ഥ ഗുണഭോക്താവായ കൗസല്യയ്ക്കു ലഭിച്ച ഭൂമി അപേക്ഷകയുടെ പേരില്‍ പതിച്ചു നല്‍കുന്നതിനു സാങ്കേതികമായി തടസങ്ങള്‍ നേരിട്ടതുമൂലം പട്ടയം നല്‍കുന്നതിനുള്ള കാലതാമസം നേരിട്ടു.
തുടര്‍ന്ന് റവന്യൂ മന്ത്രിയുടേയും ജില്ലാ കളക്ടറുടേയും ഇടപെടലുകളിലൂടെയാണ് തങ്കമ്മ രാജപ്പന്റെ പട്ടയത്തിനായുള്ള ദീര്‍ഘകാല കാത്തിരിപ്പിനു വിരാമമായത്.