സര്‍ക്കാര്‍ തീരുമാനം തുണയായി, കിടപ്പുരോഗിയായ വള്ളിയമ്മയ്ക്ക് പട്ടയം വീട്ടിലെത്തി നല്‍കും. പുതുവൈപ്പ് വളപ്പില്‍ എന്‍. സി വള്ളിയുടെ ഭര്‍ത്താവ് പി.കെ വാസു 1967ല്‍ തനിക്ക് ലഭിച്ച പതിവുത്തരവ് പട്ടയമായി തെറ്റിദ്ധരിച്ചതാണ് വള്ളിയുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ കാലതാമസം നേരിട്ടത്.
2008ല്‍ ഭര്‍ത്താവിന്റെ മരണശേഷം വള്ളി പട്ടയം അനുവദിക്കണമെന്ന അപേക്ഷ സമര്‍പ്പിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പതിവുത്തരവ് പ്രകാരം പട്ടയം നല്‍കാന്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. തുടര്‍ന്ന് കുടുംബം കോടതിയെ സമീപിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ തീരുമാനപ്രകാരം, ഉടമസ്ഥനായ വാസു മരണപ്പെട്ടതിനാല്‍ അവകാശികളായ പത്തുപേരുടെ പേരിലാണ് പട്ടയം അനുവദിച്ചിരിക്കുന്നത്. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കുന്നത് പ്രകാരമാണ് വള്ളിയമ്മയും കുടുംബവും ഭൂമിയുടെ അവകാശികളായത്.