തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024 – 25 വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024 – 25 വാര്‍ഷിക പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. കഴിഞ്ഞ യോഗങ്ങളില്‍ അവശേഷിച്ച ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നീ മുനിസിപ്പാലിറ്റികളുടെയും മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും 2024 – 25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതോട്കൂടി ജില്ലയിലെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.

കുന്നംകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റിന് യോഗം അംഗീകരം നല്‍കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ സംയോജന സാധ്യതകള്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കുന്നംകുളം നഗരസഭ വികസന മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുകയും യോഗം അംഗീകാരം നല്‍കുകയും ചെയ്തു.

2023 – 24 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്കായി ആവശ്യപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ മതിലകം ബ്ലോക്ക് പഞ്ചായത്ത്, കാട്ടൂര്‍, വാടാനപ്പിള്ളി, എടത്തിരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. 2023 – 24 വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരാനും യോഗം നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ നടക്കുന്ന കാന്‍ തൃശ്ശൂര്‍ എന്ന പദ്ധതിയുടെ പ്രാഥമിക ക്യാമ്പുകള്‍ മാര്‍ച്ച് രണ്ടിന് പൂര്‍ത്തീകരിക്കുമെന്ന് ഡിഎംഒ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങളില്‍ കൂടി ക്യാമ്പ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ഡിപിസി മെമ്പര്‍മാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.