കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. രോഗീ സൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികള്‍ ആര്‍ദ്രം മിഷനിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ആരോഗ്യമേഖലാവികസനത്തിന്റെ പുതിയ ചുവടുവെപ്പ് കൂടിയാണ് കൊരട്ടി ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ.പി കെട്ടിടമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൊരട്ടിക്കും സമീപ ജില്ലയായ എറണാംകുളത്തെ ജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയെന്നും അധ്യക്ഷപ്രസംഗത്തില്‍ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 4 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം. രണ്ട് നിലകളിലായി ഒരുങ്ങുന്ന ഒ.പി കെട്ടിടത്തില്‍ ഒ.പി മുറികള്‍, മൈനര്‍ ഒ.ടി, ഒ.പി ഡ്രസിങ് മുറി, ഫോട്ടോ തെറാപ്പി മുറി, നിരീക്ഷണ മുറി, ഒ.പി കൗണ്ടര്‍, നൂറ് പേര്‍ക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് സ്ഥലം, ഫാര്‍മസി, മെഡിക്കല്‍ സ്റ്റോര്‍, സ്റ്റോര്‍ സൂപ്രണ്ട് മുറി, ഡോക്ടര്‍മാര്‍ക്കുള്ള വിശ്രമ മുറി, നഴ്‌സുമാര്‍ക്കുള്ള മുറികള്‍, നഴ്‌സിങ്ങ് സ്റ്റേഷന്‍, ടോയ്‌ലറ്റ്, പോര്‍ച്ച് സൗകര്യം ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദത്തോടെയാണ് നിര്‍മ്മിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫ്‌ലെമി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീലാ സൂബ്രഹ്മണ്യന്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സ്‌നേഹജ, വാര്‍ഡ് മെമ്പര്‍ ലിജോ ജോസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.