നവകേരള സദസ്സിൽ നിവേദനം സമർപ്പിച്ച രോഗിയായ വിധവയുടെ പ്രശ്നത്തിന് പരിഹാരമായി. ഏകവരുമാനദായകൻ മരണപ്പെട്ട ആശ്രിതർക്ക് ലഭിക്കുന്ന ധനസഹായം ലഭ്യമാക്കുക എന്ന ആവശ്യവുമായാണ് ആലുവ വി എച്ച് കോളനിയിലെ കെ കെ നിമിഷ നവകേരള സദസ്സിൽ നിവേദനം നൽകിയത്. രണ്ടു ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചത്.
തുച്ഛമായ ദിവസ വേതനത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്ന നിമിഷയാണ് ചെറിയ കുട്ടികളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. രണ്ട് വർഷം മുൻപാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇവരുടെ ഭർത്താവ് മരിച്ചത്. പലരിൽ നിന്നും പണം കടം വാങ്ങിയായിരുന്നു ഭർത്താവിന്റെ ചികിത്സ ഉൾപ്പെടെ നടത്തിയിരുന്നത്. കടം വാങ്ങിയ തുക തിരികെ നൽകുന്നതിനും കുടുംബം പുലർത്തുന്നതിനുമായി നിമിഷ നിരവധി തൊഴിലുകൾ ചെയ്തു.
എന്നാൽ ശ്വാസ സംബന്ധമായ അസുഖം മൂലം സ്ഥിരം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. തന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നവകേരള സദസ്സിലൂടെ പട്ടികജാതി വികസന വകുപ്പിന് സമർപ്പിച്ച നിവേദനത്തിലൂടെയാണ് തുക അനുവദിച്ചത്.