കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കല്‍പ്പറ്റ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധനാ ക്യാമ്പ്, ക്ഷേമനിധി സിറ്റിങ് എന്നിവ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന ക്ഷേമനിധി സിറ്റിങില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്തിന്റെ ആശ്രിതന് മരണാനന്തര ധനസഹായവും, ശവസംസ്‌കാര ധനസഹായവും റീ-ഫണ്ടും, ക്ഷേമനിധി ബോര്‍ഡ് അംഗത്തിന് ചികിത്സാ ധനസഹായവും നല്‍കി.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഇ.കല്ല്യാണി നേത്ര പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ്, അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.