സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻ
പ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥയും നിത്യസംഭവങ്ങളായ മാറിയ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കുമുള്ള വാടക വീട് പദ്ധതി കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2024ൽ തന്നെ പുതിയ ഭവനനയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നിരവധി പദ്ധതികൾ നടപ്പിലാക്കി ഹൗസിംഗ് ബോർഡ് അതിന്റെ വർധിത പ്രതാപ കാലത്തേക്ക് തിരിച്ചു വരികയാണ്. ബജറ്റിലും ഭവനനിർമ്മാണ രംഗത്തുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി പണികൾ ഉൾപ്പെടെ അതിവേഗം നടപ്പിലാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച് ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കാൻ കഴിയുന്ന ഒന്നായി ഹൗസിംഗ് ബോർഡ് മാറി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോഴിക്കോട് മെഡിക്കൽ കോളേജ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയ പ്രദേശത്ത് ലഭ്യമായ ഭൂമിയിൽ 2020-21 പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് വാടക വീട് പദ്ധതിയുടെ ഭാഗമായി സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസം ഒരുക്കുന്നതിനുള്ള ഫ്ലാറ്റ്/ക്വാർട്ടേഴ്സ് നിർമ്മാണം. മിതമായ നിരക്കിൽ മൂന്ന് നിലകളിലായി 12 യൂണിറ്റുകളുള്ള ഫ്ലാറ്റ്/ ക്വാർട്ടേഴ്സുകളാണ് കോവൂർ – ഇരിങ്ങാടൻ പള്ളി ബൈപ്പാസ് റോഡിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ് റൂം വീതമുള്ള മൂന്ന് ഫ്ളാറ്റുകളും രണ്ട് ബെഡ്റൂം വീതമുള്ള ഒൻപത് ഫ്ലാറ്റുകളുമാണുള്ളത്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളായി. കെഎസ്എച്ച്ബി ഹൗസിംഗ് കമ്മീഷണർ ആന്റ് സെക്രട്ടറി രാഹുൽ കൃഷ്ണ ശർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർമാരായ ടി മണി, എം എസ് വിശ്വനാഥൻ, ടെക്നിക്കൽ മെമ്പർ വി ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ സ്വാഗതവും ചീഫ് എഞ്ചിനീയർ ബി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.