പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്ലാര്‍ വട്ടിയാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 26 ന് വൈകുന്നേരം 4.30 ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും. തുടര്‍ന്ന് ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ അഡ്വ. എ.രാജ എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. കമ്പിലൈന്‍, കല്ലാര്‍, പീച്ചാട്, കുരിശുപാറ, തോട്ടപ്പാറ, പ്ലാമല, പെട്ടിമുടി, തലമാലി, കുഴി എട്ടേക്കര്‍ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ കുട്ടികളുടെ ആശ്രയമാണ് ഈ വിദ്യാലയം. 1956 ല്‍ കുടിപളളിക്കൂടമായി ആരംഭിച്ച് 1961 ല്‍ എല്‍.പി സ്‌കൂളായും 1979 ല്‍ യു.പി സ്‌കൂളായും 2013 ല്‍ ഹൈസ്‌കൂളായും ഉയര്‍ന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഇതിനകം നിരവധി തവണ ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്.