“പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ അംഗീകൃത എച്ച്ഡിപിഇ ചട്ടിയിൽ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75 ശതമാനം സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും. 4369 ചട്ടികളിൽ വളവും ഹൈബ്രിഡ് പച്ചക്കറി തൈകളും ഗുണഭോക്താക്കൾക്ക് ലഭിക്കും. കാർഷിക കർമ്മസേന വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ “പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ നിർവഹിച്ചു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ വികസനകാര്യ കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ പി.പ്രശാന്ത്, കാർഷിക കർമ്മസേന പ്രസിഡൻ്റ് കെ.കെ കുഞ്ഞിരാമൻ, സെക്രട്ടറി കുഞ്ഞിരാമൻ കിടാവ്, കാർഷിക വികസന സമിതി അംഗങ്ങളായ കെ.സത്യൻ,ബാബു കൊളക്കണ്ടി കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ.എസ് എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതവും സി.എസ് സ്നേഹ നന്ദിയും പറഞ്ഞു.