മലമ്പുഴ ഉദ്യാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ നടത്തിയ ഫ്ളവര്‍ ഷോ പൂക്കാലം 2024 ല്‍ പങ്കെടുത്ത ഉദ്യാനത്തിലെ ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എ. പ്രഭാകരന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പുഷ്പമേളയില്‍ മികച്ച ജനപങ്കാളിത്തം ഉണ്ടായെന്നും മലമ്പുഴയുടെ പഴയ പ്രതാപം തിരിച്ചെടുക്കാനുള്ള പ്രചോദനമായി മേള മാറിയെന്നും എം.എല്‍.എ പറഞ്ഞു.
പുഷ്പമേള എന്ന ആശയം വലിയ വിജയമാക്കി തീര്‍ക്കാനായെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ജീവനക്കാരുടെ ഉള്‍പ്പെടെ കൂട്ടായ പ്രവര്‍ത്തനം ഫ്‌ളവര്‍ ഷോയുടെ വിജയത്തിന് കാരണമായി. മലമ്പുഴ ഉദ്യാനത്തില്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി ഘട്ടം ഘട്ടമായി ചെയ്യേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേള പ്രചോദനമായെന്നും വരും വര്‍ഷങ്ങളില്‍ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ ഭംഗിയായി പുഷ്പമേള സംഘടിപ്പിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
പുഷ്പമേളയില്‍ 15 സ്വകാര്യ നഴ്സറികളുടെ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് നടന്നത്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിത ചട്ടങ്ങളനുസരിച്ച് ആറ് ഫുഡ് സ്റ്റാളുകളും സന്ദര്‍ശകര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും ഉണ്ടായിരുന്നു. മേള കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഉദ്യാനത്തിനകത്ത് മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചുമര്‍ചിത്രങ്ങളും ഒരുക്കിയിരുന്നു. മലമ്പുഴ ഉദ്യാനത്തില്‍ നടന്ന ഉപഹാര വിതരണ പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.