സ്‌കൂളുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. റോഡില്‍ ഹംപുകള്‍ ഒഴിവാക്കിയിരിക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ ചീറിപ്പായുകയാണ്.ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വലിയ പ്രയാസമാണ്. ഹംപ് ഒഴിവാക്കിയിരിക്കുന്നതില്‍ മറ്റെന്തെങ്കിലും സംവിധാനം വേഗം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഉമ തോമസ് എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്. കാക്കനാട് ഗവ.എല്‍പി സ്‌കൂള്‍, പൊന്നുരുന്നി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ക്ക് മുന്നില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി എംഎല്‍എ വ്യക്തമാക്കി.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടാകാതിരിക്കാനുളള ജാഗ്രത പാലിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 25 ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മുഴുവന്‍ സമയവും പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ടെന്നും 85 ശതമാനം റോഡുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായും ദുരന്ത നിവാരണ വിഭാഗം യോഗത്തില്‍ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഒരു കോടി നാല് ലക്ഷം രൂപ കോര്‍പ്പറേഷന് അനുവദിച്ചിട്ടുണ്ട്. അധികമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്ലാന്റിലെ പ്രവര്‍ത്തന പുരോഗതി കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

തൃക്കാക്കര, പോണേക്കര, പനമ്പിള്ളി നഗര്‍ തുടങ്ങി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണം, ഇടപ്പള്ളി തോട് ഉള്‍പ്പടെയുള്ള എല്ലാ തോടുകളും മഴയ്ക്ക് മുന്‍പ് വൃത്തിയാക്കണം, കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതം വഴി തിരിച്ചുവിടുന്നതിന് സമാന്തര റോഡുകള്‍ നിശ്ചയിക്കുമ്പോള്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരണം എന്നും യോഗത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 770 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. പാലാരിവട്ടം പൈപ്പ് ലൈനിലുള്ള ബസ് സ്റ്റോപ്പ് മുന്നിലേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ആര്‍ടിഎ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുന്നില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ റോഡിലേക്ക് മാറി കൂട്ടിയിട്ടിരിക്കുന്നത് പരിഹരിക്കാന്‍ നടപടി വേണമെന്നും എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.

മാലിപ്പുറം മൈതാനം, കച്ചേരി മൈതാനം എന്നിവയ്ക്കായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പ്രവര്‍ത്തന ചുമതല പഞ്ചായത്തുകള്‍ക്ക് നല്‍കി മൈതാനം സജ്ജമാക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. മുളവുകാട്-കണ്ടെയ്‌നര്‍ റോഡ് വികസനം സാധ്യമാക്കണം, കുഴുപ്പിള്ളി അംബേദ്കര്‍ കോളനിയിലെ പട്ടികജാതി വിഭാഗത്തിലെ 27 കുടുംബങ്ങള്‍ക്ക് കൊച്ചി താലൂക്കില്‍ നിന്നും നല്‍കിയ പട്ടയപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്ത് നല്‍കുന്നതില്‍ കാലതാമസം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ യോഗത്തില്‍ ഉന്നയിച്ച വിഷയത്തിന്റെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. ഈ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍, കൊച്ചി ഭൂരേഖ തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. വൈപ്പിന്‍-പളളിപ്പുറം പാരലല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും. പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം ഭാഗത്ത് ഡീസാലിനേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി സ്‌കെച്ച് തയാറാക്കി കൊച്ചി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കെ-സ്മാര്‍ട്ട് പ്ലാറ്റ് ഫോം വഴി സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ടി.ജെ. വിനോദ് എം.എല്‍.എ. ആവശ്യപ്പെട്ടു. അമൃത് പദ്ധതിയുടെ ഭാഗമായി വടുതല, എളംകുളം എസ്ടിപിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, മാര്‍ക്കറ്റ് കനാല്‍ നവീകരണം, ചേരാനെല്ലൂര്‍-ചൗക്ക പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ വിലയിരുത്തി. വടുതല – പേരണ്ടൂര്‍ പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ അലൈന്‍മെന്റ് പ്രകാരം കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനും റോഡിന്റെ ജോലികള്‍ക്കുമായി പുതിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ചേരാനെല്ലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ബണ്ട് പൊളിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവയും ചര്‍ച്ച ചെയ്തു.

വ്യവസായ മേഖലയില്‍ അല്ലാതെ വിവിധ വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ ഒരേ സ്ഥലത്ത് ആരംഭിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. മുടിക്കല്‍ ബൈപ്പാസിനുള്ള സ്ഥലമേറ്റെടുക്കല്‍, കെഎസ്ടിപിയുടെ കീഴിലുള്ള കക്കടാശേരി റോഡ് നിര്‍മ്മാണത്തിന്റെയും പോത്താനിക്കാട് ഭാഗത്തെ റോഡ് ടാറിംഗിന്റെയും സ്ഥിതി, മുവാറ്റുപുഴ നഗരത്തിലെ കെആര്‍എഫ്ബിയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നിലവില്‍ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ എറണാകുളം ജില്ലയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ എന്നിവയും യോഗം വിലയിരുത്തി.

വേങ്ങൂര്‍ പഞ്ചായത്തിലെ പൊങ്ങന്‍ചുവട് ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് വനം വകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നം അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ആവശ്യപ്പെട്ടു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.

കനാല്‍ ബണ്ടുകളിലെ റോഡുകള്‍ക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എം. ബഷീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.