ജില്ലയില്‍ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി സ്മാര്‍ട്ടാകും. രണ്ട് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടവും മൂന്നു സ്‌കൂളുകളുടെ കെട്ടിടത്തിനുള്ള തറക്കല്ലിടലും ഇന്ന്  വൈകിട്ട് 4. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഗവണ്‍മെന്റ് എല്‍ പി എസ് കൊല്ലൂര്‍വിള, ഗവണ്‍മെന്റ് എല്‍ പി എസ് കരിക്കോട് എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും എല്‍ പി എസ് ചിതറ, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചിറക്കര , ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുന്നല എന്നിവയുടെ കെട്ടിടത്തിന്റെ തറക്കല്ലിടലുമാണ് നടക്കുക.

കരിക്കോട് ഗവ.എല്‍ പി സ്‌കൂളില്‍ മുന്‍ മന്ത്രി ജെ. മേഴ്‌സി കുട്ടിയമ്മയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 82.41 ലക്ഷം രൂപ ഉപയോഗിച്ച് 1660 ചതുരശ്ര അടിയില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പിസി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനാകും. രണ്ടുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണുള്ളത്.

ഗവ. എല്‍ പി എസ് കൊല്ലൂര്‍ വിളയില്‍ പ്ലാന്‍ ഫണ്ടില്‍ ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇരവിപുരം എം എല്‍ എ എം.നൗഷാദ് നിര്‍വഹിക്കും. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. 7500 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം , ഓഫീസ് റൂം , ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉണ്ട്.

ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചിറക്കരയില്‍ മൂന്ന് കോടി 90 ലക്ഷം രൂപ ഉപയോഗിച്ച് പതിനാലായിരത്തി അറുനൂറ്റി അന്‍പത്തിയഞ്ച് ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനാകും.

ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുന്നലയില്‍ മൂന്ന് കോടി 90 ലക്ഷം രൂപ വിനിയോഗിച്ച് 14213 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാ ഫലകം അനാച്ഛാദനം ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിക്കും.

ഗവണ്‍മെന്റ് എല്‍ പി എസ് ചിതറയില്‍ 5025 ചതുരശ്ര അടിയില്‍ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിക്കും.