വന്യജീവി ഭീഷണി ഉന്നയിച്ച് എം.എൽ.എമാർ

ജില്ലാ വികസനസമിതി യോഗ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണണമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ശനിയാഴ്ച കളക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ജില്ലാ വികസന സമിതി യോഗങ്ങൾ എടുത്ത തീരുമാനങ്ങളുടെ തുടർച്ചയായി വകുപ്പുകൾ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു മന്ത്രിയുടെ പരാമർശം.

“ജില്ലാ വികസനസമിതി യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർ നടപടി റിപ്പോർട്ട് അടുത്ത യോഗത്തിന് ഒരാഴ്ച മുൻപെങ്കിലും ജില്ലാ കളക്ടർക്ക് നൽകണം. നടപ്പാക്കാൻ പ്രയാസമുള്ള തീരുമാനം ആണെങ്കിൽ യോഗത്തിൽ തീരുമാനമെടുക്കും മുമ്പ് ഉന്നയിക്കണം.  തീരുമാനമെടുത്ത് കഴിഞ്ഞാൽ അതിനനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണം.  അല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും,” മന്ത്രി മുന്നറിയിപ്പ് നൽകി.

വന്യജീവികൾ ജനവാസ സ്ഥലത്ത് ഇറങ്ങുന്നതിന് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എമാരായ ഇ കെ വിജയനും ലിന്റോ ജോസഫും ആവശ്യപ്പെട്ടു. തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഇറങ്ങിയ തള്ളപുലിയും  കുഞ്ഞുങ്ങളും സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി പറഞ്ഞ ലിന്റോ ജോസഫ് വനം വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. വിലങ്ങാട് ഭാഗത്ത് ആനയിറങ്ങിയത് ഇ കെ വിജയനും ശ്രദ്ധയിൽപ്പെടുത്തി. വരൾച്ച കാലത്ത് കൂടുതൽ മൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുണ്ടന്നും കൃത്യമായ ബോധവൽക്കരണം നടത്തണമെന്നും ജനപ്രതിനിധികൾ ഉന്നയിച്ചു.

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ നമ്പ്രത്തുകര വെളിയന്നൂർചെല്ലി കേന്ദ്രമായ കാർഷിക വികസനം-ടൂറിസം വികസനം പദ്ധതി (20.7 കോടി) റീ ടെൻഡർ നടപടിയുടെ ഫിനാൻഷ്യൽ ബിഡ് അംഗീകരിക്കുന്നതിന് യോഗം വിളിച്ചതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ടെക്നിക്കൽ ബിഡ് അംഗീകരിച്ചതാണ്.

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വൈത്തിരി, താമരശ്ശേരി പോലീസ് സ്റ്റേഷനുകളിൽ നിന്നും റിക്കവറി വാഹനങ്ങളും ക്രെയിനുകളും ലഭ്യമാകുന്നതോടെ ചുരത്തിൽ ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ തൽക്ഷണം നീക്കി ഗതാഗതകുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്ന് ആർ.ടി.ഒ യോഗത്തെ അറിയിച്ചു. നിലവിൽ ചുരത്തിൽ എല്ലാ ദിവസങ്ങളിലും കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെൻറ് ഓഫീസിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. ഇവിടെക്കായി പോലീസിന് ക്രെയിൻ അനുവദിക്കാനായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്, റവന്യു എന്നിവരുമായി നടപടികൾ തുടരുകയാണ്.

10 കോടിയുടെ ബാലുശ്ശേരി ബൈപ്പാസ് നിർമ്മാണ പ്രവർത്തിയുടെ അലൈൻമെൻറ് തീരുമാനിക്കാൻ പുതിയ സർവേ നടത്താൻ പി.ഡബ്ല്യു.ഡി ഡിസൈൻ വിഭാഗത്തിന് കത്തയച്ചതായി ജില്ലാ സർവ്വേ സൂപ്രണ്ട് അറിയിച്ചു.

ചാത്തമംഗലം എൻ.ഐ.ടിയുമായി ബന്ധപ്പെട്ട മലിനീകരണം തടയുന്ന വിഷയത്തിൽ ക്യാമ്പസിലെ മാലിന്യസംസ്കരണത്തിന് നൂതന പദ്ധതികൾ നടപ്പാക്കി വരുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഒരു മാസം കഴിഞ്ഞ് വീണ്ടും സ്ഥലത്ത് പരിശോധന നടത്തും.

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഇ കെ ഉണ്ണിമോയി സ്മാരക ഗ്രൗണ്ട് നിർമാണത്തിന്റെ ഭരണാനുമതി ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിലിലും നായാടുംപൊയിലിലും സ്ഥലം അളന്നു തിട്ടപ്പെടുത്താൻ
സംയുക്ത പരിശോധന നടത്തണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.  നിലമ്പൂർ ഭാഗം കൂടി വരുന്നതിനാൽ സംയുക്ത പരിശോധന ആവശ്യമാണ്. തിരുവമ്പാടി-മറിപ്പുഴ റോഡിന്റെ അതിർത്തി നിർണയിക്കുന്നതിന് സർവ്വേ ഉടൻ നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.  ഈ റോഡ് കോഴിക്കോട്-വയനാട് തുരങ്ക പാതയിലേക്കുള്ള കണക്ഷൻ റോഡ് ആയതിനാൽ പ്രധാനപ്പെട്ടതാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ക്ലീനിങ് മെഷീൻ വാങ്ങുന്നതിനുള്ള അപേക്ഷ
ഫെബ്രുവരി 15 ന് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള വടകര താഴെഅങ്ങാടി പ്രവർത്തിയുടെ സർവ്വേ പൂർത്തീകരിച്ചശേഷമുള്ള ആർക്കിടെക്ചറൽ ഡ്രോയിങ്ങ് തയ്യാറാക്കി വരികയാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തിൽ ഡി.ഡി ഓഫീസ് കൊട്ടാരം റോഡിലേക്ക് മാറ്റുന്ന നടപടിയിൽ കെട്ടിടം പ്രവൃത്തി പുരോഗമിക്കുകയാണ്. കുന്നമംഗലം ഗവൺമെൻറ് കോളേജ് റോഡ് വീതി കൂട്ടാനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ സ്കെച്ചും പ്ലാനും തയ്യാറാക്കാനും വില വിവരങ്ങൾ ലഭ്യമാക്കുന്നതിനും ചാത്തമംഗലം വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.

പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഗവൺമെൻറ് കോളേജിന്റെ രണ്ട് ഏക്കർ സ്ഥലം അളന്നു തിട്ടപ്പെടുത്തി കല്ലിടുന്ന മുറുയ്ക്ക് നിരാക്ഷേപ പത്രം നൽകുമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

മാവൂർ തെങ്ങിലക്കടവിലെ ഏഴ് ഏക്കർ സ്ഥലവും ബഹുനില കെട്ടിടവും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നിന്നും ആരോഗ്യവകുപ്പിന് വിട്ടു കിട്ടാൻ അപേക്ഷ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ദേശീയപാത-66ന്റെ ഭാഗമായി കൊയിലാണ്ടി കുന്നിയോറമലയിൽ താമസിക്കുന്ന പതിനെട്ടോളം വീടുകൾ അപകടാവസ്ഥയിലായവിഷയത്തിൽ
സോയിൽ നെയിലിംഗ് പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞതായി ദേശീയപാത അതോറിറ്റി അറിയിച്ചു.

നവകേരള സദസ്സിൽ ലഭിച്ച മുഴുവൻ പരാതികളും പൂർത്തീകരിച്ചത് സംബന്ധിച്ച റിപ്പോർട്ട് ചൊവ്വാഴ്ചക്കകം ലഭിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു.

യോഗത്തിൽ പി ടി എ റഹിം എം.എൽ.എ, എ ഡി എം അജീഷ് കെ, സബ് കളക്ടർ ഹർഷിൽ മീണ, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, ഡി.സി.പി അനൂജ് പലിവാൾ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ തുടങ്ങിയവരും പങ്കെടുത്തു.