മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും

ജലവൈദ്യുത പദ്ധതികളിലൂടെ പരമാവധി ഊർജ്ജം സംസ്ഥാനത്തിനുള്ളിൽത്തന്നെ ഉത്പാദിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർ നയത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26 ന് നാടിനു സമർപ്പിക്കും.

ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകളിലായാണ് പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് നിലയത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് പ്രതിവർഷം 24.70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 82.77 കോടി രൂപയാണ് പദ്ധതി ചെലവ്. കോഴിക്കോട് ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്.

കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെയും കുറ്റ്യാടി ഓഗ്മെന്റേഷൻ പദ്ധതിയുടെയും ഭാഗമായ കക്കയം പവർഹൗസിൽ നിന്നും വൈദ്യുതി ഉത്പാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തിച്ചേരുന്നത്. ഇതിൽ ജലസേചനത്തിൻ്റെയും കുടിവെള്ളത്തിന്റേയും ആവശ്യം കഴിഞ്ഞ് അധികം വരുന്ന വെള്ളം വൈദ്യുതി പദ്ധതിക്കായി ഉപയോഗിക്കും. ശേഷം ബാക്കി വരുന്ന വെള്ളം കുറ്റ്യാടി പുഴയിലേക്ക് തുറന്നുവിടും.

നിലയത്തിൽ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗർഭ കേബിളുകൾ വഴി ചക്കിട്ടപ്പാറയിലെ 110 കെ വി സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം. 2023 ജൂലൈ മുതൽ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയത്തിൽ നിന്നും വ്യവസായികാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദനം ആരംഭിച്ചിരുന്നു. ഇക്കാലയളവിൽ 10.08 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.
മലബാർ മേഖലയിൽ വിവിധങ്ങളായ ജലവൈദ്യുതപദ്ധതി പ്രവൃത്തികൾ നടപ്പിലാക്കി വരുന്നുണ്ട്. പഴശ്ശിസാഗർ, ഒലിക്കൽ, പൂവാറംതോട് തുടങ്ങിയ പദ്ധതികളുടെ നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്.

ഫെബ്രുവരി 26ന് വൈകിട്ട് നാല് മണിക്ക് പവർഹൗസ് അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ടി.പി രാമകൃഷ്ണൻ എംഎൽഎ, കെ മുരളീധരൻ എംപി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.