സംസ്ഥാനത്ത് പാലങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചു : മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പാലങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021 മെയ് മാസം സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാലങ്ങളുടെ പ്രവൃത്തി വേഗത്തിലാക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചു. ഭരണാനുമതി ലഭിച്ച പാലങ്ങൾ മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെണ്ടർ ചെയ്തു ലഭിക്കുവാനും അവയെ പ്രവൃത്തിയിലേക്ക് എത്തിക്കാനും ഇതോടെ സാധ്യമായി. ഇതുകൊണ്ട് തന്നെ സർക്കാർ മൂന്നുവർഷം തികയ്ക്കുന്നതിനു മുൻപ് തന്നെ സംസ്ഥാനത്ത് നൂറു പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.

നാല് സ്പാനിൽ 103.5 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന് ഒരുവശത്ത് 1.2 മീറ്റർ വീതിയിൽ നടപ്പാതയും 5.5 മീറ്റർ വീതിയിൽ കാരിയർ വേയും ഉൾപ്പെടെ 7.2 മീറ്റർ വീതിയാണുള്ളത്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനും ഓപ്പൺ ഫൗണ്ടേഷനും ആയാണ് രൂപകൽപന ചെയ്തിട്ടുള്ളത്. കാക്കേരി ഭാഗത്ത് 60 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 46 മീറ്ററും നീളത്തിൽ അനുബന്ധ റോഡും പാലം പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്. 4.6 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്‌ദുൽ ഗഫൂർ, കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് , ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസി. എക്സി. എഞ്ചിനിയർ എൻ വി ഷിനി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സക്യൂട്ടിവ്‌ എഞ്ചിനീയർ സി എസ് അജിത് സ്വാഗതവും, അസി. എഞ്ചിനീയർ ബൈജു നന്ദിയും പറഞ്ഞു.