വിവരസാങ്കേതിക രംഗത്തെ പുത്തൻ പ്രവണതകൾ മനസ്സിലാക്കാനും പുതിയ കാലത്തെ ജീവിതപരിസരങ്ങളിൽ അവ ഉപയോഗപ്പെടുത്താനുമുള്ള അറിവും ശേഷിയും വിനിമയം ചെയ്യപ്പെടുന്ന രണ്ടു ദിവസത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് തുവ്വൂർ ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 17 ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ് വെയർ ആയ ബ്ലെന്റർ ഉപയോഗപ്പെടുത്തിയുള്ള ത്രിമാന ആനിമേഷൻ നിർമാണം, നിർമിതബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്സും (ഐ.ഒ.ടി) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള പ്രോഗ്രാമിങും ഐ.ഒ.ടി ഉപകരണനിർമാണവും ആണ് ഈ വർഷത്തെ ജില്ലാ ക്യാമ്പിലെ പ്രത്യേകതകൾ. ക്യാമ്പില്‍ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി. വിവിധ ജില്ലകളിലെ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. തുവ്വൂർ ജി.എച്ച്.എസ്.എസിലെ പി.ടി.എ പ്രസിഡന്റ് പി അബ്ദുൾ മജീദ്, വൈസ് പ്രിൻസിപ്പൽ കെ.വി ഷൗക്കത്തലി, കൈറ്റ് ജില്ലാ കോഡിനേറ്റർ ടി.കെ അബ്ദുൾ റഷീദ്, മാസ്റ്റർ ട്രെയ്നർമാരായ വി.വി മഹേഷ്, വി പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
ആനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി നാല് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകളും വിഭവനിർമാണവും നടക്കുന്നത്. കൈറ്റ് മാസ്റ്റർ ട്രെയ്നർമാരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 25) വൈകുന്നേരം സമാപിക്കും.