ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷിസൗഹൃദമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ മാത്രമേ കേരളം അക്ഷരാർത്ഥത്തിൽ ബാരിയർ ഫ്രീ ആവുകയുള്ളൂ – മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരം തുടങ്ങിയ ചർച്ചചെയ്യുന്നതിനും പുതിയ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2023 സെപ്റ്റംബർ വരെ 170 ലധികം വെബ്‌സൈറ്റുകൾ ഭിന്നശേഷി സൗഹൃദമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവയേയും ഇത്തരത്തിൽ മാറ്റിത്തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും പാർക്കുകളെയും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ‘ബാരിയർ ഫ്രീ കേരള’ പദ്ധതി നടപ്പാക്കിവരികയാണ്. രണ്ടായിരത്തിലധികം പൊതുകെട്ടിടങ്ങൾ ഇതിനകം തടസരഹിതമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമാക്കി ഭിന്നശേഷിക്കാർക്കു വിനോദത്തിനുള്ള അവസരങ്ങളും ഒരുക്കുന്നു. ബാരിയർ ഫ്രീ കേരള പദ്ധതിക്കായി എട്ടു കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ തുടർ പ്രവർത്തനങ്ങൾക്കായി 19.5 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
ശാരീരികക്ഷമതയില്ലായ്മ, ആശയവിനിമയ പ്രശ്‌നങ്ങൾ, സാമ്പത്തിക പരാധീനതകൾ എന്നിവയ്ക്കുപരിയായി ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം തുടങ്ങിയ മേഖലകളിൽ ഭിന്നശേഷിക്കാർ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭിന്നശേഷിയുള്ളവർക്കു വേണ്ടി നടത്തുന്ന ഇടപെടലുകൾ ഒരേ സമയം സമഗ്രവും വിശാലവുമാക്കി മാറ്റാനാണു സംസ്ഥാനം ശ്രമിക്കുന്നത്. ഭിന്നശേഷി പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, പുനരധിവാസ പ്രക്രിയകൾ തുടങ്ങിയവ ശക്തമാക്കും. കൂടുതൽ സ്‌പെഷ്യൽ അങ്കണവാടികൾ, ബഡ്‌സ് സ്‌കൂളുകൾ, മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ ആവശ്യകത ഗൗരവമായി പരിശോധിക്കും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് സമഗ്രവിദ്യാഭ്യാസത്തിനുള്ള വിശദമായ മാർഗനിർദേശങ്ങൾ തയാറാക്കുന്നതിനും ആലോചനയുണ്ട്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ ശാക്തീകരണത്തിനായി ബ്ലോക്ക് തലത്തിൽ തൊഴിൽ പരിശീലനവും നൈപുണ്യ വികസനവും നൽകുന്നതിനു ‘പ്രചോദനം’ എന്ന പേരിൽ പദ്ധതി നടപ്പാക്കും. 18 വയസു കഴിഞ്ഞ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ തൊഴിൽനൈപുണ്യം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലയിലും രണ്ടുവീതം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കും. കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾ, ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക ഔട്ട്‌ലെറ്റുകൾ എന്നിവയും ഇതിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് സംയോജിത പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, രക്ഷാകർത്താക്കൾക്കുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടും. തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലകളിൽ പദ്ധതിക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടുന്നതിനു കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ‘സഹജീവനം’ സഹായകേന്ദ്രങ്ങൾ ആരംഭിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ, വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാകും സഹായകേന്ദ്രങ്ങൾ ആരംഭിക്കുക.
ഭിന്നശേഷിക്കാർക്കായി സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ കായിക മികവുകൾ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനും ഇത് ഏറെ സഹായകരമാകും. സമകാലിക ആവശ്യകതകൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ കാലികപ്രസക്തമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് സംസ്ഥാന ഭിന്നശേഷി നയം, സംസ്ഥാന വയോജന നയം എന്നിവയിൽ ആവശ്യമായ ഭേദഗതി വരുത്തും.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2016 ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പുകളാണുണ്ടായിരുന്നതെങ്കിൽ ഇന്നത് 4,500 ഓളം ആയിരിക്കുന്നു. അവയിൽത്തന്നെ ഭിന്നശേഷിക്കാർ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകളും ഉണ്ട്. ഭിന്നശേഷിക്കാരിയായ രമ്യരാജ് നേതൃത്വം നൽകുന്ന ‘ഡാഡ്’ എന്ന സ്റ്റാർട്ടപ്പ് ഇതിനോടകം പ്രശസ്തിയിലേക്കുയർന്നിട്ടുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യുബേഷൻ പ്രോഗ്രാമിലാണ് ഈ സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. ഇതെല്ലാം സംരംഭക മേഖലയിലേക്ക് ഭിന്നശേഷിക്കാർക്കു കടന്നു വരുന്നതിനുള്ള പ്രചോദനം ആയി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർ.ഡി.ആർ. കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ജില്ലയിൽനിന്നുള്ള എം.എൽ.എമാർ, സാമൂഹ്യനീതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ എച്ച്. ദിനേശൻ, ഭിന്നശേഷി മേഖലയിൽനിന്നുള്ള അഡ്വ. ജയ ഡാളി, ഗിരീഷ് കീർത്തി, ഡോ. പി.റ്റി. ബാബുരാജ്, കൃഷ്ണകുമാർ ഗോകുൽ രത്നാകർ, കൺമണി എസ്, വിജയൻ ഒ, ജോബി എ.എസ്, മുരളീധരൻ വി, ജിനു മോൾ മാരിയറ്റ് തോമസ്, ഡോ. എം.കെ.സി. നായർ, ഡോ. ജാവേദ് അനീസ്, ഡോ. ജയപ്രകാശ് ആർ, ഫാ. റോയ് വടക്കേൽ തുടങ്ങിയവർ പങ്കെടുത്തു.