വൈക്കം എറണാകുളം ജലപാതയില്‍ നവംബര്‍ നാലിന് സര്‍വ്വീസ് ആരംഭി ക്കുന്ന എ.സി ബോട്ട് വേഗ 120 പരീക്ഷണ ഓട്ടം നടത്തി. ഗതാഗത ക്കുരുക്കില്‍ അകപ്പെടാതെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് എണാകുളത്തെത്താന്‍ സാധിക്കുന്ന വേഗത്തിലാണ് ബോട്ട് സഞ്ചരിക്കുക. ഇടയ്ക്കുള്ള 3 ജെട്ടികളില്‍ മാത്രമാണ് തുടക്കത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സ്റ്റോപ്പുകള്‍ പിന്നീട് പരിഗണിക്കും. വൈക്കത്തുനിന്ന് ബോട്ട് വൈറ്റിലയില്‍ എത്തുമ്പോള്‍ കാക്കനാട്ടേക്കുള്ള കണക്ഷന്‍ ബോട്ട് യാത്രക്കാരെ കാത്ത് കിടപ്പുണ്ടാകും. തവണക്കടവ് പാണാവള്ളി എന്നിവിടങ്ങളിലേക്കും കണക്ഷന്‍ ബോട്ട് ഉണ്ടായിരിക്കും. എസി വോള്‍വോ ബസിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ടിക്കറ്റ് ചാര്‍ജ്ജ്. ടിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ ബുക്കു ചെയ്യുന്നതിനുള്ള സംവിധാനം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് അനുവദിക്കുന്ന കാര്യവും ജല ഗതാഗത വകുപ്പിന്റെ പരിഗണനയില്‍ ഉണ്ട്. 120 പേര്‍ക്ക് സുഖകരവും സുരക്ഷിതവുമായി സഞ്ചരിക്കാനാവുന്ന ക്രമീകരണങ്ങളാണ് ബോട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഈ സുരക്ഷാ സംവിധാനങ്ങള്‍ കപ്പലിന് സമാനമായവയാണ്. ഹൈഡ്രോളിക് എന്‍ജിനു പുറമേ ഇലക്ട്രിക് എന്‍ജിനും ഘടിപ്പിച്ചിട്ടുള്ള ബോട്ടിന്റെ റൂട്ട് ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും മാത്രം വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടില്‍ യാത്രക്കാര്‍ക്ക് ലഘു ഭക്ഷണം നല്‍കുന്നതിനുള്ള സൗകര്യവും കുടുംബശ്രീയുടെ സഹകരണത്തോടെ സജ്ജമാണ്. സെന്‍ട്രല്‍ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് എറണാകുളത്തെ നവഗതി മറൈന്‍ എന്ന കമ്പനിയാണ് 1.85 കോടി ചെലവില്‍ വേഗയുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തിയ വേഗയില്‍ യാത്രക്കാരായി എം.എല്‍.എമാരായ സി.കെ.ആശ, എ.എം ആരിഫ,് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവരും ഉണ്ടായിരുന്നു.
