രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന വിധം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല തലയുയർത്തി നിൽക്കുകയാണെന്നും കെട്ടിട നിർമ്മാണം പശ്ചാത്തല വികസനം ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴന്തോട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരിക്കുന്ന എൽ കെ ജി, യു കെ ജി,എൽ പി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഉൾപ്പെടെ 68 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂൾ ശിലാസ്ഥാപനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേവലമായ പശ്ചാത്തല വികസനം മാത്രമല്ല നടക്കുന്നത്. അതോടൊപ്പം അക്കാദമിക് മികവും വർദ്ധിക്കുകയായിരുന്നു. അതിന്റെ ഗുണം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തിന് ആകെ ഉണ്ടായിരിക്കും അതുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തേടി നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരങ്ങൾ വരുന്നത്.ആധുനിക കാലത്ത് ചേർന്ന രീതിയിൽ നമ്മുടെ കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്.

അധ്യാപകർക്ക് കാലത്തിനനുസരിച്ച് വേണ്ടരീതിയിൽ പുതിയ അറിവുകൾ നേടേണ്ടി വരും. കാലം മാറുകയാണ് അതിനനുസരിച്ച് അറിവുകൾക്കും മാറ്റം വരുകയാണ്. കുട്ടികൾ വലിയതോതിൽ അറിവ് നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരുടെ ചോദ്യങ്ങളും സംശയങ്ങളും തീർത്തു കൊടുക്കുക എന്നത് അധ്യാപകരുടെ കടമയാണ് അതുകൊണ്ടുതന്നെ പണ്ടുപഠിച്ച അറിവുകൊണ്ട് തീർത്തു കൊടുക്കാൻ കഴിഞ്ഞില്ലെന്ന് വരാം. കാലാനുസൃതമായ അറിവുകൾ നേടിയെടുക്കുക എന്നത് അധ്യാപകരും സ്വീകരിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് എം എൽ എ പി. വി ശ്രീനിജിൻ അധ്യക്ഷത വഹിക്കുകയും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ ഡാമിയ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ഹെഡ്മിസ്ട്രസ് എൻ സിനി, വിവിധ സംഘടന പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.