ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ നിർമ്മാണം പൂർത്തീയായ പാലം ഉദ്ഘാടനത്തിന്. ഫെബ്രുവരി 29 വൈകീട്ട് 7.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പി ടി എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും.

ചെറുപുഴക്ക് കുറുകെ ചെട്ടിക്കടവിൽ വീതി കുറഞ്ഞ ചെറിയ പാലമായിരുന്നു ഉണ്ടായിരുന്നത്. 1997-98 ൽ എം കെ നമ്പ്യാർ മാസ്റ്റർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാലം നിർമ്മിച്ചത്.

കാലക്രമേണ റോഡുകൾ നവീകരിക്കപ്പെടുകയും വാഹനത്തിരക്ക് വർധിക്കുകയും ചെയ്തു. ഇതോടെ ചെട്ടിക്കടവിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന പുതിയ പാലമുണ്ടാക്കണമെന്ന ആവശ്യം ശക്തമായി. തുടർന്ന് 2020 നവംബറിൽ പാലം നിർമ്മാണത്തിന് സർക്കാർ 11.16 കോടി രൂപ അനുവദിച്ചതോടെയാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള സ്വപ്നത്തിന് ചിറക് മുളക്കുന്നത്.

2021 ഡിസംബർ 5 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ കരാർ എടുത്തത് പി.ടി.എസ് ഹൈടെക് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡ് ആണ്.

32.825 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനും, 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻ്റ് സ്പാനും, 32 മീറ്റർ നീളത്തിലുള്ള സെൻ്റർ സ്പാനും ഉൾപ്പെടെ അഞ്ച് സ്പാനിൽ 123.55 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിന്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനാണ്. ചെട്ടിക്കടവ് ഭാഗത്ത് 168 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 190 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.