തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് 1450 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാവുമെന്ന് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം പറഞ്ഞു.

നിരവധി വര്‍ഷങ്ങളായി താത്ക്കാലിക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ച് വരുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത നിര്‍വഹിച്ചു. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വ്വതി ഹരിദാസ്, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.പി ബുഷറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. മന്‍സൂറലി, സി.പി സുബൈര്‍, വിവിധ ജനപ്രതിനിധികള്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ കുമാര്‍, ജെ.എച്ച്.ഐ പ്രിയന്‍, എ.ഇ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.