ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയവർക്ക് ജില്ലാ കളക്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

മത്സര പരീക്ഷകളിലൂടെ വിദ്യാർഥികളെ ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തമാക്കുന്ന മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മലപ്പുറം ടൗൺഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഷ്റഫ് പെരുമ്പള്ളി മുഖ്യാതിഥിയായി.

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അരലക്ഷത്തോളം രൂപയുടെ നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് (എൻ.എം.എം.എസ്) അവസരമൊരുക്കുകയാണ് ഇംബൈബ് പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2021ൽ ആരംഭിച്ച പദ്ധതിയുടെ രണ്ടാമത്തെ ബാച്ചാണ് പരിശീലനം പൂർത്തിയാക്കിയത്. ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ 53 പേർ സ്‌കോളർഷിപ്പിന് അർഹരായി. രണ്ടാം ബാച്ചിൽ 10 സ്‌കൂളുകളിൽ നിന്നായി 910 കുട്ടികളാണ് പങ്കെടുത്തത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.എം.എം.എസ് കൂടാതെ വിവിധ മത്സര പരീക്ഷകളിലും പങ്കെടുക്കുന്നതിന് ഗുണകരമാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മൂസ കടമ്പോട്ട്, അടോട്ട് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ മെഹനാസ്, സഫിയ പന്തലാഞ്ചേരി, മുഹമ്മദലി, അംഗങ്ങളായ സുബൈദ മുസ്ലിയാരകത്ത്, പി.ബി അബ്ദുൽ ബഷീർ, മുഹ്സിനത്ത് അബ്ബാസ്, എം.ടി ബഷീർ, വി. സുലൈഖ, ആഷിഫ തസ്നി, ഫായിസ മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം സുജാത, പ്രധാനധ്യാപകരായ അബ്ദുന്നാസർ, കെ. ശശികുമാർ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്റ്റേറ്റ് റിസോഴ്സ് പേർസൺ എം.ടി ഫരീദ മോട്ടിവേഷൻ ക്ലാസെടുത്തു.