മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് (2024-2025) പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് കമ്പിനിയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 499/- രൂപ പ്രീമിയമായി അടുത്തുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തില്‍ അടച്ച് അംഗമാകാം.

പോളിസി പ്രകാരം അപകടമരണത്തിനും അപകടംമൂലം പൂര്‍ണ്ണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടം മൂലം ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന അംഗവൈകല്യശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെയും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചാല്‍ യഥാര്‍ത്ഥ ആശുപത്രിചെലവായി പരമാവധി ഒരു ലക്ഷം രൂപ വരെ ചികില്‍സാ ചിലവിനത്തില്‍ ലഭിക്കുന്നതുമാണ്.

അപകടം ഭാഗികമായി അംഗവൈകല്യത്തിലേയ്ക്ക് നയിക്കുന്ന കേസുകളില്‍ അംഗവൈകല്യശതമാനം അനുസരിച്ചുള്ള തുക ലഭിക്കുന്നതാണ്. അപകട മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആബുലന്‍സ് ചാര്‍ജ്ജായി 5000 രൂപ വരെയും മരണാനന്തര ചെലവുകള്‍ക്കായി 5000 രൂപയും ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയ്ക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ ഉള്ള പക്ഷം അവരുടെ പഠന ചെലവിലേയ്ക്കായി 1,00,000 രൂപ വരെ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണത്തേയ്ക്ക് നല്‍കും.

മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടില്ലാത്തവര്‍ക്ക് താല്‍കാലിക അംഗത്വമെടുത്തും പദ്ധതിയില്‍ ചേരാം. 18 നും 70 നും മദ്ധ്യേപ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. മാര്‍ച്ച് 24 ന് മുമ്പായി നിര്‍ദ്ദിഷ്ടഫോമില്‍ അപേക്ഷ സമര്‍പ്പിക്കാം. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ ബോട്ടിലെ മുഴുവന്‍ തൊഴിലാളികളേയും, എസ് എച്ച് ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്ത് അവസരം പരമാവധി പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ക്ക് ഫോണ്‍ : ജില്ലാ ഓഫീസ് – 9526041317, 959526041229, ക്ലസ്റ്റര്‍ ഓഫീസുകള്‍ 9526042211, 9526041178, 9526041324, 9061559819, 9526041293, 9400771058, 9526041072.