കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പക്‌സ് ഫാക്ടറികളില്‍ മുടക്കമില്ലാതെ തൊഴില്‍ നല്‍കുന്നതിനായി 12000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഇ-ടെന്‍ഡറിലൂടെ ക്ഷണിക്കാന്‍ കാഷ്യൂ ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ ഉറപ്പിച്ച 2000 മെട്രിക് ടണ്‍ തോട്ടണ്ടി മാര്‍ച്ച് ആദ്യവാരവും, 5000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഏപ്രില്‍ ആദ്യവുമെത്തും. ഐവറികോസ്റ്റീല്‍ തോട്ടണ്ടി സീസണ്‍ ആരംഭിക്കുന്ന മുറയ്ക്ക് 5000 മെട്രിക് ടണ്‍ തോട്ടണ്ടി കൂടി എടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളെ പോലെ തന്നെ ഈ വര്‍ഷവും തൊഴിലാളികള്‍ക്ക് ഇ എസ് ഐ യും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കി തുടര്‍ച്ചയായി തൊഴില്‍ നല്‍കും. എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച് കൃത്യമായി നല്‍കിയിട്ടുമുണ്ട്. 10 വര്‍ഷക്കാലത്തെ ഗ്രാറ്റുവിറ്റി കൊടുത്തു തീര്‍ത്തു. ഓണത്തിന് 500 രൂപയുടെ വര്‍ദ്ധനവ് വരുത്തി. തൊഴിലാളികളുടെ കൂലിയില്‍ 23 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തൊഴിലാളികളുടെ മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം ഇരട്ടിയില്‍ അധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ഫാക്ടറികള്‍ തുറന്ന്പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായ 87 വ്യവസായികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. പാക്കേജ് സംബന്ധിച്ച് ഗവണ്‍മെന്റ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രഖ്യാപനമായി മാറുമ്പോള്‍ വലിയ ആശ്വാസം സ്വകാര്യ കശുവണ്ടി വ്യവസായികള്‍ക്ക് ലഭിക്കും. ഇത് എല്ലാ സ്വകാര്യ ഫാക്ടറുകളും തുറക്കുന്നതിന് സഹായകരമായി മാറുമെന്നും കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും, കാപക്‌സ് ചെയര്‍മാന്‍ എം ശിവശങ്കരപിള്ളയും അറിയിച്ചു.