കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണം: മുഖ്യമന്ത്രി

പുതിയ കാലത്തിനനുസൃതമായ അറിവുകൾ വിദ്യാർത്ഥികളിലെത്തണമെന്നും ഇതിൽ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ നിർമാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തിൽ നിന്നും  മാറി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാറിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് ജനകീയമായി പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടപ്പിലാക്കി. ഒരു സർക്കാർ പരിപാടിക്കപ്പുറം  നാടാകെ അണിനിരന്നപ്പോളത് ചരിത്രമായി’. ഇന്ന് രാജ്യത്താകെ അഭിമാനിക്കാൻ കഴിയും വിധം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല തലയുയർത്തി നിൽക്കുന്നു.

കെട്ടിട നിർമ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേവലമായ പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല നടക്കേണ്ടത്. അക്കാദമിക മികവ് വർധിക്കുകയും അതിൻറെ ഗുണം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആകെ ഉണ്ടാവുകയും വേണം. അതുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും  അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. നേടിയ നേട്ടങ്ങൾ കൂടുതൽ ഉയരത്തിൽ കൊണ്ടുപോവുക എന്നതാണ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം.

വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം സാധ്യമായത് വിദ്യാർഥികളുടെ അക്കാദമിക മികവിലൂടെയാണെന്നതിനാൽ  അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. ആധുനിക കാലത്തിന് ചേർന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾ നടപ്പിലാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നു. സ്മാർട്ട് ക്ലാസുകൾ അടക്കം സജ്ജീകരിച്ച് ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് കേരളം ഇവിടെ ചെയ്യുന്നത്. പത്തു ലക്ഷത്തോളം കുട്ടികളാണ് കഴിഞ്ഞ ഏഴു വർഷം കൊണ്ട് കേരളത്തിലെ പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിച്ചേർന്നത്. ആയിരത്തോളം സ്‌കൂളുകൾ ഹൈടെക് ആയി മാറി.

ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് കഴിഞ്ഞവർഷം യൂനിസെഫ് നടത്തിയ പഠനത്തിൽ  കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.  സംസ്ഥാനത്തെ സ്‌കൂളുകളിൽ ആകെ ഉണ്ടായ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഈ നേട്ടം നമ്മെ തേടിയെത്തിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്താകെ ആയിരത്തോളം സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രൈമറിതലത്തിൽ അടിസ്ഥാന ശേഷി വികസിപ്പിക്കുന്നതിന്  പ്രത്യേക പദ്ധതി നടപ്പാക്കിവരുന്നു. ഹയർസെക്കൻഡറി തലം വരെ ഇത് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.  വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച പ്രവർത്തനങ്ങളിൽ മുഴുവൻ പൊതു സമൂഹത്തിന്റെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഏഴര കൊല്ലം കൊണ്ട് അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഒരു പക്ഷേ രാജ്യത്തു തന്നെ ഇത് റെക്കോഡായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എ എ റഹീം എം പി, എം എൽ മാരായ വി ജോയ്, വി ശശി, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ,  സമഗ്രശിക്ഷ എസ്.പി.ഡി. ഡോ. സുപ്രിയ എ.ആർ, എസ്.ഐ.ഇ.ടി ഡയറക്ടർ, ബി. അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി.റ്റി എന്നിവർ സംബന്ധിച്ചു.

2017 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായും അതിന്റെ തുടർച്ച എന്ന നിലയിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായും കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി സ്കൂളുകളുടെ ഭൗതികസൗകര്യ വികസനം നടന്നുവരികയാണ്. ഇതിന്റെ  ഭാഗമായി പുതുതായി നിർമ്മിച്ച 68 സ്‌കൂൾ കെട്ടിടങ്ങളിൽ കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെയുള്ള 2 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി കിഫ്ബി ധനസഹായത്തോടെ 3 സ്‌കൂൾ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 26 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 37 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും. വിവിധ നിയോജക മണ്ഡലങ്ങളിൽ നടന്ന പരിപാടികളിൽ എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.