സാധാരണക്കാരന്റെ വയറു നിറയയ്ക്കാന്‍ കുന്നംകുളത്ത് ഒരേയൊരു സ്ഥാപനമേയുള്ളൂ. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസ്സും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാന്‍ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിയില്‍ ആരംഭിച്ച സ്ത്രീ സൗഹൃദ സുഭിക്ഷ കാന്റീന്‍ ഇന്ന് വിജയ കുതിപ്പിലാണ്.

ദിനംപ്രതി 21,000 – 27,000 രൂപ വരെ വരവ് സുഭിക്ഷയില്‍ ലഭിക്കുന്നുണ്ട്. ഒരാള്‍ക്ക് ദിവസം 400 മുതല്‍ 650 രൂപ വരെ വരുമാനമുണ്ടാക്കാനും ഇതു വഴി കഴിയുന്നു. സ്ത്രീകള്‍ക്ക് ഷിഫ്റ്റ് സമ്പ്രദായത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകളും പദ്ധതി വഴി ലഭിക്കുന്നുണ്ട്. അനിത സജിത്താണ് ഈ ജനകീയ ഭക്ഷണ കേന്ദ്രത്തിന്റെ കണ്‍വീനര്‍.

എ.സി മൊയ്തീന്‍ എംഎല്‍ എയുടെ ഗ്രമഫലമായി 2020 ഫെബ്രുവരി 28 നാണ് കുന്നംകുളത്ത് സുഭിക്ഷ പദ്ധതി ആരംഭിച്ചത്. പൊതുവിതരണ വകുപ്പിന്റെ കീഴില്‍ കേരളത്തില്‍ രണ്ടാമത് ആരംഭിച്ച സുഭിക്ഷ കാന്റീനാണ് കുന്നംകുളത്തേത്. കുന്നംകുളം നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും തെരഞ്ഞെടുത്ത എട്ട് വനിതകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് അത് 20 സ്ത്രീകളുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ്. പ്രതികൂല ജീവിത സാഹചര്യങ്ങള അതിജീവിച്ച് മുന്നേറിയ ഒരു കൂട്ടം സ്ത്രീകളുടെ കഠിന പ്രയത്‌നമാണ് സുഭിക്ഷയുടെ വിജയം.

രാവിലെ 6.30 ന് ആരംഭിക്കുന്ന ജോലികള്‍ വൈകീട്ട് 5 വരെ നീളും. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ചെറുകടികളുമായി സുഭിക്ഷ ജനകീയമായി. സുഭിക്ഷ കാന്റീനില്‍ ജോലി അനായാസമായി ചെയ്യാന്‍ കഴിയും വിധമാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സ്മാര്‍ട്ട് കിച്ചന്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 75 പേര്‍ക്ക് ഇരുന്ന് കഴിക്കാനും പാര്‍സല്‍ സൗകര്യവുമുണ്ട്. ഞായറാഴ്ചകളിലാണ് കൂടുതല്‍ തിരക്കെന്ന് കണ്‍വീനര്‍ അനിത പറഞ്ഞു. കൂടാതെ പുറമേ നിന്ന് മറ്റ് ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്.

സംസ്ഥാനത്ത് മറ്റ് സുഭിക്ഷകള്‍ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാതൃകയായിക്കൊണ്ട് നടക്കുന്നത് കുന്നംകുളത്തെ സുഭിക്ഷയെയാണ്.
കുടുംബശ്രീയുടെ കാന്റീന്‍ കാറ്ററിംഗ് ട്രെയിനിങ്ങിന്റെ ഭാഗമായി അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ നാഷണല്‍ റിസോഴ്‌സ് ടീം എന്നിങ്ങനെ നിരവധി പേര്‍ സുഭിക്ഷ പദ്ധതിയുടെ പ്രവര്‍ത്തനം പഠിക്കാനും വരുന്നുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വവും കുറഞ്ഞ നിരക്കില്‍ വയറുനിറയെ രുചികരമായ ഭക്ഷണവും അതാണ് കുന്നംകുളത്തെ സുഭിക്ഷ പദ്ധതി.