വടക്കാഞ്ചേരി കുന്നംകുളം മണലൂര്‍ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട നവീകരണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

വേലൂരിൽ നടന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ വിശിഷ്ടാതിഥിയായി. വടക്കാഞ്ചേരി നഗരസഭാധ്യക്ഷൻ പി. എൻ സുരേന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി ആർ ഷോബി, മീന സാജൻ, രേഖ സുനിൽ, വേലൂർ പഞ്ചായത്ത് വൈസ് കർമ്മല ജോൺസൺ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

കുന്നംകുളം വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കേച്ചേരി വേലൂര്‍ റോഡ്, വേലൂര്‍ ചുങ്കം-തയ്യൂര്‍ – കോട്ടപ്പുറം റോഡ്,
പാത്രമംഗലം റോഡ് എന്നീ റോഡുകളാണ് ആധുനിക നിലവാരത്തിൽ നവീകരിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ജില്ലയിലെ പ്രധാന സംസ്ഥാന പാതയായ കേച്ചേരി വേലൂര്‍ റോഡ് നവീകരിച്ചത്. കുറാഞ്ചേരി വേലൂര്‍ റോഡിനെയും ജില്ലാതല പാതയായ അത്താണി പുതുരുത്തി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് വേലൂര്‍ ചുങ്കം-തയ്യൂര്‍ – കോട്ടപ്പുറം റോഡ്. 1.25 കോടി രൂപയാണ് റോഡിന്റെ നവീകരണത്തിന് വിനിയോഗിച്ചത്. പാത്രമംഗലം റോഡില്‍ പാഴിയോട്ടുമുറി മുതല്‍ തണ്ടിലം വരെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി സര്‍ക്കാരിന്‍റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 5.88 കോടി രൂപയാണ് വിനിയോഗിച്ചത്.