വരട്ടാറിന്‍റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പാലങ്ങൾ യാഥാർത്ഥ്യമായതോടെ പ്രദേശത്തെ റോഡ് കണക്ടിവിറ്റി പ്രശ്നത്തിന് ശാശ്വത പരിഹരമാകും. ചെങ്ങന്നൂർ നിയോജകമണ്ഡ‌ലത്തിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെയും ആറൻമുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു വരട്ടാറിനു കുറുകെ ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതുക്കുളങ്ങര പാലം. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത് പോലുള്ള ആവശ്യങ്ങൾക്ക് ഇതിലൂടെ പരിഹാരമായി. എട്ട് പാലങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 2018 പ്രളയാനന്തരമാണ് വരട്ടയാർ നദിയുടെ പുനരുജ്ജീവനം പ്രധാന വിഷയമായി വന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. 13.40 കിലോമീറ്ററാണ് ആദി പമ്പ- വരട്ടയാർ നദിയുടെ നീളം.

പമ്പ, മണിമലയാർ, അച്ചൻകോവിലാർ നദികൾ കരകവിയുമ്പോൾ വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ്. 1600 ക്യൂബിക് വെള്ളം കടത്തിവിടേണ്ട തോട്ടപ്പള്ളിയിൽ 600 ക്യൂബിക് വെള്ളം മാത്രമാണ് കടത്തിവിടാൻ സാധിക്കുമായിരുന്നത്. മണ്ണും എക്കലും ചെളിയും മാറ്റുന്നതിന് സർക്കാർ തീരുമാനം കൈക്കൊണ്ടതിൻ്റെ ഭാഗമായി ഒരു കോടി ഘന മീറ്റർ മാലിന്യം കേരളത്തിലെ തോടുകളിൽ നിന്നും നദികളിൽ നിന്നും നീക്കം ചെയ്തു. ഇതിലൂടെ വലിയ രീതിയിൽ വെള്ളം കടന്നുപോകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കാനായതായും മന്ത്രി പറഞ്ഞു.

തടത്തിൽപ്പടി, മംഗലം ചപ്പാത്ത് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മരിച്ചുപോയ നദിയുടെ പുനരുജ്ജീവനമാണ് വരട്ടാർ പദ്ധതിയിലൂടെ സർക്കാർ ഏറ്റെടുത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി., ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സലിം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി നൈനാൻ, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി. ശശിധരൻ പിള്ള, ചെങ്ങന്നൂർ നഗരസഭ കൗൺസിലർ ലതിക രഘു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

പാലങ്ങളുടെ നിർമാണം 14.16 കോടി രൂപ ചെലവഴിച്ച്

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന വരട്ടാർ മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട നദിയായിരുന്നു. ചെങ്ങന്നൂർ, തിരുവല്ല, ആറൻമുള നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വരട്ടാറിനു കുറുകെയുള്ള പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങളുടെ നിർമ്മാണം 14.16 കോടി രൂപ വിനിയോഗിച്ചാണ് പൂർത്തീകരിച്ചത്.

പുതുക്കുളങ്ങര പാലം ആറൻമുള മണ്ഡലത്തിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെയും ചെങ്ങന്നൂർ മണ്ഡ‌ലത്തിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 4.65 കോടി രൂപ ചെലവിൽ 30 മീറ്റർ നീളത്തിലും എട്ട് മീറ്റർ വീതിയിലുമാണ് നിർമ്മാണം. തിരുവല്ല മണ്ഡ‌ലത്തിലെ കുറ്റൂർ ഗ്രാമപഞ്ചായത്തിനെയും

ചെങ്ങന്നൂർ മണ്ഡലത്തിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആനയാർ പാലത്തിന് 5.26 കോടി രൂപയാണ് ചെലവ്. പാലത്തിന് 30 മീറ്റർ നീളവും 8.50 മീറ്റർ വീതിയുമുണ്ട്. തിരുവല്ല മണ്ഡലത്തിലെ കുറ്റൂർ ഗ്രാമപഞ്ചായത്തിനെയും ചെങ്ങന്നൂർ മണ്ഡ‌ലത്തിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൃക്കയിൽ പാലത്തിന് 4.25 കോടി രൂപയാണ് ചെലവ്. 22 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.