രണ്ടുവർഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ സർക്കാരിനായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സമ്പൂർണ്ണ കുടിവെള്ള പദ്ധതി വെൺമണി ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ കുടുംബങ്ങളിലും ശുദ്ധജലവിതരണം ഉറപ്പാക്കാൻ കഴിയുന്ന പദ്ധതിയിലൂടെ ഇനിയുള്ള രണ്ടു വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. ദീർഘകാലമായി കുടിവെള്ള പ്രശ്നം നേരിടുന്ന ചെങ്ങന്നൂരുകാർക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
അടുത്തവർഷം ഈ സമയം ടാങ്ക് പണിത് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുളക്കുഴ, വെൺമണി, ആല, ചെറിയനാട്, പുലിയൂർ, ബുധനൂർ, പാണ്ടനാട് ഗ്രാമപഞ്ചായത്തുകളെയും ചെങ്ങന്നൂർ നഗരസഭയും ഉൾപ്പെടുത്തി കിഫ്ബി ജല ജീവൻ മിഷനുകളിൽ നിന്നും 525 കോടി രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വെണ്മണി പഞ്ചായത്തിൽ 128 കി.മീ വിതരണ ശൃംഖലയും 5970 ഗാർഹിക കുടിവെള്ള കണക്ഷൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമാണ് ആരംഭിക്കുന്നത്.
പാറച്ചന്തയിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യസാന്നിധ്യമായി. കേരള വാട്ടർ അതോറിറ്റി സെൻട്രൽ റീജിയൻ ചീഫ് എൻജിനീയർ വി.കെ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. ബിന്ദു, കേരള വാട്ടർ അതോറിറ്റി സൂപ്രണ്ട് എൻജിനീയർ എൻ. ആശാരാജ്, കേരള വാട്ടർ അതോറിറ്റി ഇ.ഇ. അർച്ചന, എ. കെ. ഡബ്ലിയു.എ. ഒ എ.ഹഷീർ, കെ.ഡബ്ലിയു.എ.ഇ.യു ബി.എസ് ബെന്നി, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.