ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിനു മാതൃക: മന്ത്രി വി.എൻ. വാസവൻ

ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മണർകാട് ഗ്രാമ പഞ്ചായത്തിലെ അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ആരോഗ്യ സുരക്ഷയിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. പുതുതായി ആരംഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ രംഗത്തെ പശ്ചാത്തല വികസനങ്ങൾക്ക് മുതൽക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു.

മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. മണർകാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോൺ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഫിലിപ്പ്, രജിത അനീഷ്, രാജീവ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ഗ്രാമ പഞ്ചായത്തംഗം സിന്ധു അനിൽകുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.അനിൽകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ സ്വപ്ന മഞ്ജരി എന്നിവർ പങ്കെടുത്തു.

റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് മണർകാട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയ രണ്ടു നില കെട്ടിടം പണി കഴിപ്പിച്ചത്. 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടത്തിൽ രണ്ട് വലിയ ഹാളുകളും പന്ത്രണ്ട് മുറികളും ഉണ്ട്.