വ്യാജമദ്യ നിര്‍മ്മാണം, കടത്ത്, വിതരണം എന്നിവ തടയുന്നതിനായുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിം​ഗിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു. കഴിഞ്ഞ ഡിസംബറിൽ നടത്തിയ ജനകീയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പരാതികളിലെ തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ കഴിഞ്ഞ മൂന്ന് മാസകാലയളവിൽ 1542 റെയ്ഡുകളും 27 സംയുക്ത റെയ്ഡുകളും നടത്തി. 343 അബ്കാരി കേസുകളും 62 എന്‍ഡിപിഎസ് കേസുകളും 384 കോട്പ കേസുകളും 14 ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കുകയും മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 242 പ്രതികളെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എസ് സുരേഷ് യോഗത്തില്‍ അറിയിച്ചു.

ജനപ്രതിനിധികളും മദ്യ വിരുദ്ധ സമിതി പ്രതിനിധികളും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വ്യാജമദ്യ കേന്ദ്രങ്ങളെ കുറിച്ച് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതികളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥര്‍, മദ്യ വിരുദ്ധ സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.