• നൂതന പദ്ധതികളുടെ പ്രഖ്യാപനം
  • ത്രിവേണി ബ്രാന്‍ഡ് ഉല്പന്നങ്ങളുടെ വിപണനം
  • പുതിയ സോഫ്റ്റ്‌വെയര്‍ ലോഞ്ചിംഗ്

നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലി സമ്മേളനോദ്ഘാടനവും നൂതന പദ്ധതികളുടെ പ്രഖ്യാപനവും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും മാർച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെൻ്ററിൽ ഉച്ച കഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷതവഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, വൈസ് ചെയര്‍മാന്‍ പി.എം ഇസ്മായില്‍, മാനേജിംഗ് ഡയറക്ടര്‍ എം.സലിം എന്നിവര്‍ അറിയിച്ചു.

നീതി മെഡിക്കല്‍ സ്‌കീമില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സഹകരണ സംഘങ്ങളെ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ചടങ്ങില്‍ ആദരിക്കും. കലാകായിക പഠന രംഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ മക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം റോജി ജോണ്‍ എംഎല്‍എ നിര്‍വഹിക്കും. നീതി മെഡിക്കല്‍ നടപ്പിലാക്കുന്ന പുതിയ സോഫ്റ്റ്വെയര്‍ ലോഞ്ചിങ് പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. മികച്ച പ്രകടനം കാഴ്ചവച്ച കണ്‍സ്യൂമര്‍ഫെഡ് വെയര്‍ഹൗസ്, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവയ്ക്കുള്ള അവാര്‍ഡ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിതരണം ചെയ്യും. കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ എം. സലിം റിപ്പോര്‍ട്ട് അവതരിപ്പിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍ സംസാരിക്കും.

മരുന്നുകള്‍ക്ക് 70% വരെ വിലക്കിഴിവ്

രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പ്രൈസിംഗ് പോളിസി പ്രകാരം സഹകരണ സംഘങ്ങള്‍ക്ക് എല്ലാ ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കും ട്രേഡ് പ്രൈസില്‍ നിന്ന് 5% മാര്‍ജിന്‍ ഉറപ്പാക്കുന്നു. ഇതു വഴി നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ 16% മുതല്‍ 70% വരെ ഡിസ്‌കൗണ്ടോടു കൂടി മരുന്നുകള്‍ ലഭ്യമാക്കുവാന്‍ കഴിയും. മരുന്നുകള്‍ക്കും, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും, പരമാവധി റീട്ടെയില്‍ വിലയുടെ അടിസ്ഥാനത്തില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന പ്രൈസിംഗ് പോളിസി പ്രകാരം നീതി മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്ന സൊസൈറ്റികള്‍ക്ക് ട്രേഡ് പ്രൈസില്‍ നിന്ന് ശരാശരി 2% ഡിസ്‌കൗണ്ട് ആണ് ലഭിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് കാന്‍സര്‍, ഡയാലിസിസ് മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതി രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടപ്പിലാക്കും.

ത്രിവേണി ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാരാരി ഫുഡ് പ്രോഡക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ത്രിവേണി ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. വനിതാ സംരംഭക ഗ്രൂപ്പുകള്‍ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരം ഉറപ്പുവരുത്തിയ പുട്ടുപൊടി, ഇടിയപ്പപൊടി, അരിപ്പൊടി, റാഗിപ്പൊടി, വറുത്ത റവ -ഗോതമ്പ്‌പ്പൊടി തുടങ്ങി വിവിധ ഭക്ഷ്യോല്‍പന്നങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി ബ്രാന്‍ഡില്‍ വിപണനം നടത്തും.

സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനമായ റെയ്ഡ് കോയുടെ നേതൃത്വത്തിലുള്ള കറിപൗഡര്‍ ഉല്‍പ്പന്നങ്ങളും ത്രിവേണി ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ ഫാക്ടറിയില്‍ സംസ്‌കരിച്ച് പാക്ക് ചെയ്യുന്ന ഏലക്ക, ഗ്രാമ്പൂ, കുരുമുളക്, കറി മസാലക്കൂട്ട് എന്നീ ഉല്‍പ്പന്നങ്ങളും ത്രിവേണി ബ്രാന്‍ഡില്‍ വില്‍പ്പന നടത്തും. സ്‌പൈസസ് ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് ന്യായമായ വില ലഭ്യമാക്കുന്നതിനോടൊപ്പം നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

കണ്‍സ്യൂമര്‍ ഫെഡ് പുതിയ സോഫ്റ്റ് വെയറിലേക്ക്

ഉപഭോക്തൃ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് ഇടപെടുന്ന വ്യാപാര മേഖലയായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, വിദേശമദ്യ വില്‍പ്പന ശാലകള്‍, ഓഫീസ് / സ്‌കൂള്‍ സ്റ്റേഷനറി സെന്ററുകള്‍, നിര്‍മ്മാണ യൂണിറ്റുകളായ ത്രിവേണി നോട്ട് ബുക്ക് ഡിവിഷന്‍, ഗ്യാസ് പ്ലാന്റ്, വിദ്യാഭ്യാസ രംഗത്തെ ഇടപെടലായ ത്രിവേണി ഫാര്‍മസി കോളേജ്, എന്നിവയോടൊപ്പം കയറ്റുമതി, ഇറക്കുമതി വ്യാപാര രംഗത്തെ ഇടപെടല്‍ എന്നിങ്ങനെ എല്ലാ സംവിധാനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരും വിധം ബൃഹത്തായ സോഫ്റ്റ് വെയര്‍ ലോഞ്ച് ചെയ്യുകയാണ് കണ്‍സ്യൂമര്‍ ഫെഡ്. സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്റ്റ് സൊസൈറ്റിയെയാണ് സോഫ്റ്റ് വെയര്‍ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.