വയനാട്: ജൈവപച്ചക്കറി കൃഷിയില്‍ മാതൃകയായി കല്‍പ്പറ്റ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ജീവനക്കാര്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ജീവനക്കാരും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്റലിജന്‍സ് ഓഫീസ് ജീവനക്കാരും ചേര്‍ന്നാണ് ഓഫീസ് മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ലഭിച്ച ഗ്രോ ബാഗുകളിലാണ് പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നത്. തക്കാളി, പച്ചമുളക്, കോളീഫ്‌ളവര്‍, ചേമ്പ്, കോവക്ക, ആകാശവെള്ളരി, പാഷന്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നു. തികച്ചും ജൈവികമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതിനായി ഓഫീസില്‍തന്നെ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കംമ്പോസ്റ്റ് ചെയ്ത് ജൈവവളമാക്കിമാറ്റും. ഓഫീസ് ജീവനക്കാരെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പച്ചക്കറി കൃഷി നടത്തുന്നത്. ഓരോ ദിവസവും ചുമതലയുള്ള ഗ്രൂപ്പുകള്‍ പച്ചക്കറികള്‍ക്ക് ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കും. നിലവില്‍ ഓഫീസിലെ ഉച്ചഭക്ഷണ ആവശ്യങ്ങള്‍ക്കാണ് പച്ചക്കറികള്‍ ഉപയോഗിക്കുന്നത്. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മാനേജര്‍ ടി.കെ. ഗീത, അസിസ്റ്റന്റ് കമ്മീഷണര്‍ സി.വി. ശ്രീകാന്ത്, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്റലിജന്‍സ് എന്‍. രജനി, ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എം.കെ. മനോജ് തുടങ്ങിയവര്‍ കൃഷിക്ക് നേത്യത്വം നല്‍കി ജീവനക്കാര്‍ക്കൊപ്പമുണ്ട്.
