വയനാട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ പരിയാരം ജി.എച്ച്.എസില്‍ മലയാള ദിനാചരണത്തോടെ ഭരണഭാഷാ വാരാഘോഷത്തിനു തുടക്കമായി. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ ക്ലാസ് നല്‍കുന്നതോടൊപ്പം മലയാളത്തിലും അവബോധമുണ്ടാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭാഷയെ ബഹുമാനിക്കാന്‍ പഠിക്കണം. ജീവിതത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇതര ഭാഷകളും പഠിക്കേണ്ടതുണ്ട്. സ്‌കൂള്‍ കാലങ്ങളില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം ഐക്യവേദി ജില്ലാ കണ്‍വീനറും കല്‍പ്പറ്റ ഗവ. കോളജ് മുന്‍ അദ്ധ്യാപകനുമായ പ്രഫ. പി.സി. രാമന്‍കുട്ടി മലയാളദിന പ്രഭാഷണം നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം നല്‍കി മലയാളത്തെ ഇകഴ്ത്തുന്ന സംസ്‌കാരത്തിന് മാറ്റം വരേണ്ടതുണ്ട്. മാറ്റം സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു തുടങ്ങണം. മാതൃഭാഷയെ സ്‌നേഹിക്കാന്‍ പഠിക്കണം. കടകളുടെയും മറ്റും ബോര്‍ഡുകള്‍ ഇംഗ്ലീഷില്‍ മാത്രമെഴുതുന്നതിന് മാറ്റം വരണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളില്‍ മലയാളത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷജില ഷെറിന്‍, കെ.എം. ഫാദിയ എന്നിവര്‍ കവിതകള്‍ ആലപിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗം ബി. ആയിഷ, ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍, പി.ടി.എ പ്രസിഡന്റ് ഒ. കുട്ടിഹസ്സന്‍, ഹെഡ്മാസ്റ്റര്‍ കെ.ടി. രമേശന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എം. സുനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.പി. സലാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാന്‍ നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നത്. മലയാളം കമ്പ്യൂട്ടിംഗ്, കവിതാലാപനം, ഭരണഭാഷാ പദങ്ങളുടെ പ്രദര്‍ശനം എന്നിവ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭരണഭാഷ പദാവലി പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവംബര്‍ ഏഴിന് ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന മലയാളം പ്രശ്‌നോത്തരി മത്സരത്തോടെ വാരാചരണം സമാപിക്കും.
