മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു.
ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി ഒരു എസ്.പി.വി രൂപികരിക്കും. മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇത് ജില്ലാ കളക്ടർ ഉറപ്പ് വരുത്തും. എം.പി. ഫണ്ടിൽ നിന്ന് അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കും. മോഡ്യുലാർ ലാബ് എത്രയും വേഗം സജ്ജമാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി.
ചെറുതോണി ബസ് സ്റ്റാന്റ് മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെയുള്ള റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കും. മെഡിക്കൽ കോളേജിനുള്ളിലെ റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി.
ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം നൽകി. ചുറ്റുമതിൽ നിർമ്മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡർ ലൈൻ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കും. നഴ്സിംഗ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആലോചിക്കും. ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജർ കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.