കുന്നംകുളം മണ്ഡലത്തിലെ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന റോഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസന മേഖലയിൽ കേരളത്തിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക നിലവാരത്തിൽ റോഡ്, പാലങ്ങൾ ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ,പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പത്മ വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എ ഫൗസിയ , സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു ധർമ്മൻ, ജയകുമാർ പൂളയ്ക്കൽ , പഞ്ചായത്തംഗം ടി കെ അഷറഫ്, പിഡബ്ലിയുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സ്മിത തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ട് എഞ്ചിനീയർ എസ് ഹരിഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

2021-22 ലെ സംസ്ഥാന ബജറ്റില്‍ നിന്നും അനുവദിച്ച 4.5 കോടി രൂപ വിനിയോഗിച്ചാണ് റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് മുതല്‍ ജില്ലാ അതിര്‍ത്തിയായ തണത്ര പാലം വരെ 3.372 കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് ആധുനിക രീതിയില്‍ ബിഎം ബിസി നിലവാരത്തില്‍ നിര്‍മ്മിച്ചത്.

ദിവസേന ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. പ്രദേശത്തെ ആളുകളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇടുങ്ങിയതും എന്നാല്‍ ഏറെ വാഹനങ്ങള്‍ കടന്നു പോകുന്നതുമായ റോഡിന്റെ വികസനം. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കൂറ്റനാട് തുടങ്ങിയ പാലക്കാട് ജില്ലയിലെ പ്രധാന സ്ഥലകളിലേക്കും നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക്കുമെല്ലാം ഈ റോഡ് വഴിയാണ് തൃശ്ശൂര്‍, കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തുനിന്ന് ബസ് സര്‍വീസുകളുള്ളത്.