മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് മേഖലാ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മേഖലാ ലാന്‍ഡ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ ഏഴ് താലൂക്കുകള്‍ക്കായാണ് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.

കാക്കനാട് സിവില്‍ സ്റ്റേഷന്‍ പ്ലാനിങ് സെക്രട്ടറിയേറ്റിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. മിച്ചഭൂമിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഓഫീസിന് കഴിയട്ടെ എന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്താകെ 77 ലാന്‍ഡ് ബോര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് കീഴില്‍ മേഖല ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളില്‍ ഉപ ഓഫീസുകളും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കളക്ടറുമായ ജി. ശ്രീകുമാര്‍, താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ എ.അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.