മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൊട്ടേക്കാട് – മുണ്ടൂര്‍ റോഡിന്റെ ബി എം ആന്റ് ബി സി നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തില്‍ നവീകരിച്ചുവരികയാണെന്നും ദേശീയ പാതകള്‍ക്കൊപ്പം ഗ്രാമീണ റോഡുകളും ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തൃശ്ശൂര്‍ – കുറ്റിപ്പുറം, കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ എന്നീ സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൊട്ടേക്കാട് – മുണ്ടൂര്‍ റോഡ്. തൃശ്ശൂര്‍ ടൗണിനെയും, സംസ്ഥാനപാതയെയും, മെഡിക്കല്‍ കോളേജ്, നിരവധി വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്. റോഡിന്റെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി വിയ്യൂര്‍ മുതല്‍ ചെമ്പിശ്ശേരി റെയില്‍വേ പാലം വരെയുള്ള റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ നവീകരിച്ചിരുന്നു.
റോഡിന്റെ ബാക്കി ദൂരം 12.70 കോടി രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നത്. റോഡിലെ പ്രധാന വളവുകളില്‍ ഇന്റര്‍ലോക്ക് പേവിങ് വര്‍ക്ക്, കാന നിര്‍മ്മാണം, പുതിയ കള്‍വെര്‍ട്ട് നിര്‍മ്മാണം, പഴയ കള്‍വേര്‍ട്ടുകളുടെ എക്സ്റ്റന്‍ഷന്‍, റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ് സേഫ്റ്റി പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിര്‍മ്മാണം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ ഉള്‍പ്പെടെ നിരവധി റോഡ്, പാലം, അടിസ്ഥാന സൗകര്യ വികസനങ്ങളാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടക്കുന്നത്.
നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലക്ഷ്മി വിശ്വംഭരന്‍, തങ്കമണി ശങ്കുണ്ണി, കെ.കെ ഉഷാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എം.ഡി വികാസ് രാജ്, മിനി ഹരിദാസ്, കെ.എം ലെനിന്‍, ജില്ലാ പഞ്ചായത്ത് അംഗം ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി സനീഷ്, ജ്യോതി ജോസഫ്, ഷീല സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, പി.എ ലോനപ്പന്‍, സി.ഒ ഔസേഫ്, മിനി പുഷ്‌ക്കരന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.ജെ അജിമോള്‍, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.