മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

ആധുനിക നിലവാരത്തിലുയർന്ന കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തെ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യം ഫലപ്രദമായി നടന്ന് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷം കൊണ്ട് കേരളത്തിലെ അമ്പത് ശതമാനം വരുന്ന 15,000 കിലോമീറ്റർ റോഡുകൾ ബിഎംആൻ്റ് ബിസി നിലവാരത്തിലുയർത്തണമെന്ന സർക്കാരിൻ്റെ ലക്ഷ്യം 3 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുന്നംകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എ സി മൊയ്തീൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻ, നഗരസഭാ വൈസ് ചെർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷരായ പിഎം സുരേഷ്, സജിനി പ്രേമൻ, പ്രിയ സജീഷ്, പി കെ ഷെബീർ, ചൊവ്വന്നൂർ വൈസ് പ്രസിഡന്റ്‌ അഡ്വ സുമേഷ്, നഗരസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പിഡബ്ലിയുഡി എക്സിക്യൂട്ട് എഞ്ചിനീയർ എസ് ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

18.09 കോടി രൂപയുടെ റോഡ് നിർമ്മാണ- നവീകരണ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. കുന്നംകുളം മണ്ഡലത്തിലെ നഗരസഭാ പരിധിയിൽ ഉൾപെട്ട വെട്ടിക്കടവ് റോഡ്, ചാവക്കാട് വടക്കാഞ്ചേരി റോഡ്, ചെറുവത്താനി റോഡ്, അഞ്ഞൂർ റോഡ് എന്നീ പൊതുമരാമത്ത് റോഡുകളാണ് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചത്. 17.145 കിലോമീറ്റർ റോഡുകളുടെ നവീകരണം പൂർത്തീകരിച്ചതോടെ വാഹന ഗതാഗതം സുഗമമാക്കാനും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞു.