തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മിനി കുടിവെള്ള പദ്ധതി റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. ശുദ്ധജലത്തിനായി വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയെ ആശ്രയിച്ചിരുന്ന പ്രദേശത്ത് പുളിയംതുരുത്തില്‍ പുതുക്കുളത്തെ കിണര്‍ പ്രയോജനപ്പെടുത്തി ജല ക്ഷാമത്തിന് പരിഹാരംകണ്ടു. പഞ്ചായത്ത് അധികൃതര്‍ കിണറിലെ വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി ശുദ്ധജല വിതരണത്തിന് തുടക്കം കുറിച്ചു.
സര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപയും തളിക്കുളം പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 51 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 9 ലക്ഷം രൂപയും നഗരസഞ്ചയ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് രണ്ട് വാര്‍ഡുകളിലും കുടിവെള്ള പദ്ധതി നടപ്പാക്കിയത്. ശുദ്ധജല ക്ഷാമമുള്ള പ്രദേശങ്ങളില്‍ നാല് വീടുകള്‍ക്ക് ഒരു പൈപ്പ് എന്ന നിലയില്‍ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുകയാണ്. ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിച്ച് ടാങ്കില്‍ വെള്ളം നിറച്ച് ആവശ്യാനുസരണം പൊതു ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. പുളിയംതുരുത്ത്, കലാത്തി പ്രദേശത്തെ ജനങ്ങള്‍ നേരിട്ടിരുന്ന വര്‍ഷങ്ങളായുള്ള ശുദ്ധജല ക്ഷാമത്തിനാണ് ഇതോടെ പരിഹാരമാവുന്നത്.
ചടങ്ങില്‍ സി.സി മുകുന്ദന്‍ എംഎല്‍എ അധ്യക്ഷനായി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം മെഹബൂബ്, ബുഷറ അബ്ദുള്‍ നാസര്‍, എം.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കല, വാര്‍ഡ് മെമ്പര്‍മാരായ സിംഗ് വാലത്ത്, വിനയ പ്രസാദ്, സി.കെ ഷിജി, കെ.കെ സൈനുദ്ധീന്‍, ഷൈജ കിഷോര്‍, ബിന്നി അറക്കല്‍, പഞ്ചായത്ത് സെക്രട്ടറി ഐ.പി പീതാംബരന്‍, പഞ്ചായത്ത് എ.ഇ ടി.ജെ ജോണ്‍സി, ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നയന, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലിറ്റി, എ.ഇ സജിത, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ഗുണഭോക്താകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.