ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നല്‍കുന്ന ജില്ലാതല പരിശീലന പരിപാടികൾ അന്തിമ ഘട്ടത്തിൽ. മണ്ഡലം തല മാസ്റ്റർ ട്രെയിനർമാർ, ഓരോ മണ്ഡലത്തിലെയും പത്തിലധികം ബൂത്തുകളുടെ ചുമതല നിർവഹിക്കുന്ന സെക്ടർ ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, വിവിധ സ്‌ക്വാഡുകൾ എന്നിവർക്കുള്ള പരിശീലന പരിപാടികളാണ് മലപ്പുറം കളക്ടറേറ്റിൽ പുരോഗമിക്കുന്നത്.

ഇരുപതോളം ജില്ലാതല മാസ്റ്റർ ട്രെയിനർമാരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം, വോട്ടിങ് മെഷീൻ തുടങ്ങിയ വിവിധ വിഷയങ്ങളിലായാണ് പരിശീലനം. ഇത്തരത്തിൽ പരിശീനം പൂർത്തിയാക്കുന്ന മണ്ഡലം തല മാസ്റ്റർ ട്രെയിനർമാരാണ് അതത് മേഖലയിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള ക്ലാസുകൾ നൽകുന്നത്. ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെ‍യ്‍ലൻസ് ടീം, അസിസ്റ്റന്റ് എക്സ്പെന്റിച്ചർ ഓഫീസർ, അക്കൗണ്ടിങ് ടീം തുടങ്ങി വിവിധ സ്‌ക്വാഡുകൾക്കുള്ള പരിശീലനം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

പരിശീലനം നൽകി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ സ്റ്റാഫിന് പരിശീലന പരിപാടി സംഘടിപ്പിച്ചു .കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി എ.ഡി.എം കെ. മണികണഠൻ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർമാരായ കെ.പി അൻസുബാബു, എ. വേണുഗോപാലൻ, പി. ഉമ്മർകോയ, കെ. അബ്ദുൽ നാസർ, വി. വിനോദ്കുമാർ, എസ്. അനീഷ്, പി. മോഹനകൃഷ്ണൻ, പി. കുഞ്ഞീതുട്ടി തുടങ്ങിയവർ ക്ലാസുകളെടുത്തു.