ജില്ലയിലെ 13 റോഡുനിർമ്മാണ പദ്ധതികൾക്ക് 49.5കോടി രൂപയുടെ ഭരണാനുമതിയായെന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിവിധ നിയോജകമണ്ഡലങ്ങളിലെ പ്രധാന റോഡുകൾക്കുൾപ്പെടെയാണ് അനുമതിയായത്. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാകും റോഡ് നിർമ്മാണം.

കളമശേരി നിയോജകമണ്ഡലത്തിലെ ഇടപ്പള്ളി – മൂവാറ്റുപുഴ റോഡിനു 1.2 കോടിയും മില്ലുപടി – കാക്കുനി മസ്‌ജിദ്‌ റോഡിനു 60 ലക്ഷവും സെന്റ് ജോസഫ്‌സ് – തൃക്കാക്കര ക്ഷേത്രം – യൂണിവേഴ്‌സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ് – യൂണിവേഴ്‌സിറ്റി കോളനി സീപോർട്ട് റോഡ് – യൂണിവേഴ്‌സിറ്റി റിംഗ് റോഡ് – കൈപ്പടമുകൾ എച്ച്എംടി റോഡിനു അഞ്ചുകോടിയും രൂപ വീതം അനുവദിച്ചു.

ആലുവയിലെ ഹെർബർട്ട് റോഡ് റീച്ച് ഒന്നിനു രണ്ടുകോടി രൂപ വിനിയോഗിക്കാനാണ് അനുമതി. ആലുവ, പറവൂർ, കളമശ്ശേരി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പറവൂർ കവല മുതൽ അഞ്ചൽ വരെയുള്ള ആലുവ – പറവൂർ റോഡ് 9 5 കോടി രൂപ ചെലവിൽ നിർമ്മിക്കും. വൈപ്പിനിലെ ചെറായി – പറവൂർ റോഡിനു ഒരു കോടി രൂപയുടെയാണ് ഭരണാനുമതി. പറവൂരിലെ പഴയ എൻഎച്ച് മൂത്തകുന്നം ഫെറി – ഗോതുരുത്ത് ജംഗ്‌ഷൻ (മൂത്തകുന്നം ജംഗ്‌ഷൻ – ഫെറി ഒഴികെ) റോഡിനു 90 ലക്ഷം രൂപ അനുവദിച്ചു.

കുന്നത്തുനാട്ടിലെ പോഞ്ഞാശ്ശേരി – ചിത്രപ്പുഴ (പള്ളിക്കര ജംഗ്‌ഷൻ മുതൽ ചിത്രപ്പുഴ പാലം വരെ) റോഡ് നിർമ്മാണത്തിന് 12 കോടിയും പള്ളിക്കര – പഴന്തോട്ടം റോഡിനു4.5 കോടിയും രൂപ വീതം അനുവദിച്ചു ഭരണാനുമതിയായി. കോതമംഗലം മണ്ഡലത്തിലെ ശബരിമല – കൊടൈക്കനാൽ സംസ്ഥാന പാത 44ലെ വെങ്ങല്ലൂർ – ഊന്നുകൽ റോഡിനു 7.5 കോടി രൂപയാണ് ചെലവാക്കുക.

അങ്കമാലിയിലെ വേങ്ങൂർ – നായത്തോട് റോഡിനു മൂന്ന് കോടി രൂപയുടെ അനുമതിയായി. പിറവത്തെ ആഞ്ഞിലിച്ചുവട് – അമ്പലംപടി റോഡിനു രണ്ടുകോടി രൂപ വിനിയോഗിക്കും. കൊച്ചിയിലെ ടൗൺ ഹാൾ റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപയും അനുവദിച്ചു.