തൊഴിലാളികള്‍ക്കിടയില്‍ ഐക്യം നിലനിറുത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തില്‍ തൊഴിലാളികളുടെ സംഘടിതമായ ഇടപെടല്‍ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടത്.
ലോക്കൗട്ടോ ലേ ഓഫോ ഒന്നും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. തൊഴില്‍ദിന നഷ്ടം ഏറ്റവും കുറവും. എന്നിട്ടും വ്യാജപ്രചരണങ്ങളിലൂടെ കേരളത്തിലേക്കുള്ള വ്യവസായങ്ങളുടെ വരവിനെ തടയുന്നതിനെതിരെ കൂട്ടായ ചെറുത്തുനില്‍പ് വേണം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പൊതുമേഖല, സ്വകാര്യ മേഖല, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയുടെ വിപുലീകരണം സാധ്യമാക്കി. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റി. പുതുതൊഴില്‍മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പഴയവ നിലനിറുത്തുന്ന നയമാണ് സര്‍ക്കാരിന്റേത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുകയാണ്.
കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്നവരെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കുന്നുമുണ്ട്. എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍. കേരളത്തിന്റെ സാമൂഹിക ജീവിതനിലവാരം ആഗോള വികസിത നാടുകള്‍ക്ക് ഒപ്പമെത്തിക്കാനായി. രാജ്യത്ത് ആദ്യമായി ഒരു തൊഴില്‍നയം ആവിഷ്‌കരിച്ചത് കേരളത്തിലാണ്. തൊഴില്‍ തര്‍ക്കങ്ങളും അനുബന്ധ വ്യവഹാരങ്ങളും കുറയ്ക്കാനുമായി. പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി. ചരക്ക് വ്യാപാരം വിപുലപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നിനുള്ള സാഹചര്യമൊരുക്കി.
എം എസ് എം ഇ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 92,000 കോടി രൂപയുടെ നിക്ഷേപം വന്നു. 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 1,39,000 സംരംഭങ്ങള്‍ ആരംഭിച്ചു; 8,500 കോടി രൂപയുടെ നിക്ഷേപവും മൂന്ന് ലക്ഷം തൊഴിലവസരങ്ങളും. സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 2,35,000 ത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസംഘടിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ തൊഴിലാളികളെയും തൊഴില്‍മേഖലകളെയും മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി ശ്രദ്ധേയമായ ഇടപെടലുകളാണ് തൊഴിലും നൈപുണ്യവും വകുപ്പ് നടത്തിവരുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കി. കാര്‍ഷിക-കാര്‍ഷികേതര നിര്‍മാണ മേഖലകളില്‍ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം കൂലി. രാജ്യത്ത് 84 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്.
അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കുന്നതിനുള്ള മൊബൈല്‍ ആപ് വികസിപ്പിക്കുകയാണ്. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും. അണ്‍എയിഡഡ് സ്‌കൂളുകളിലുള്ളവര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവഅവധി തുടങ്ങിയവ ഏര്‍പ്പെടുത്താനായി.
കശുവണ്ടിമേഖലയിലെ പീലിങ് തൊഴിലാളികള്‍ക്ക് കൂലിപരിഷ്‌കരണത്തിന് നടപടിയായി. ആനപരിപാലനമേഖലയിലും മിനിമം കൂലി ഉറപ്പാക്കുകയാണ്. ഇന്‍ഷുറന്‍സ് -ആരോഗ്യ പരിരക്ഷയുമുണ്ടാകും. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കുന്നതിനും നടപടിയെടുക്കും. നൈപുണിവികസന കേന്ദ്രങ്ങള്‍ കൂടുതലായി സ്ഥാപിക്കും. സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലങ്ങള്‍ സിനിമ ഷൂട്ടിംഗിനായി മിതമായ നിരക്കില്‍ വിട്ടുനല്‍കാനും തീരുമാനിച്ചു. മാധ്യമ മേഖലയിലെ വേതനസ്ഥിതിയും പരിശോധിക്കും. കരകൗശലവിദഗ്ധരുടെ വിവിരശേഖരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേക്കപ്പ് കലാരംഗത്തുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മേക്കപ് അധികമാകരുതെന്ന സരസമായ മറുപടി പറയാനും മറന്നില്ല.