ഉളിയന്നൂർ ഗവൺമെൻറ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സ്കൂളിന് പുതിയ ക്ലാസ്മുറികൾ നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. അനിൽകുമാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. രാജലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ശിവശങ്കരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ് താരാനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചിരുന്നു. ഉളിയന്നൂർ ഗവ. എൽ.പി സ്‌കുളിൽ 1.2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്.
പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ, ലാബ്, ലൈബ്രറി, കളിക്കളങ്ങൾ എന്നിവയ്ക്കുളള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്.
കോട്ടപ്പുറം ഗവ. എൽ.പി സ്‌കൂൾ – ഒരു കോടി, ഈസ്റ്റ് കടുങ്ങല്ലൂർ സ്‌കൂൾ – 1.99 കോടി, ഏലൂർ ഗവ. എൽ.പി സ്‌കൂൾ – ഒരു കോടി, കരുമാല്ലൂർ ഗവ. എൽ.പി സ്‌കൂൾ – 75 ലക്ഷം രൂപ എന്നീ ക്രമത്തിലുള്ള വികസന, നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
മുപ്പത്തടം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ 3.6 കോടിയുടെയും കിഫ്ബി പദ്ധതിയിൽ 1.3 കോടിയുടെയും പദ്ധതികൾ ഉൾപ്പെടെ 4.9 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതോടൊപ്പം ഏലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് 25 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിദ്യാലയത്തിൽ പുതിയ ക്ലാസ്സുകൾ, ആധുനിക ലൈബ്രറി, കളിസ്ഥലം എന്നിവ നിർമ്മിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ട്. ഇതിനായി സാമ്പത്തിക വർഷം 2 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.
അയിരൂർ ഗവ. എൽ.പി സ്കൂൾ, ബിനാനിപുരം ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ കോട്ടപ്പുറം ഗവ. എൽ.പി സ്കൂൾ, ഉളിയന്നൂർ ഗവ. എൽ.പി സ്‌കുൾ, കരുമാല്ലൂർ ഗവ. എൽ.പി സ്കൂൾ എന്നിവയിലെ പെയിൻ്റിംഗ്, മറ്റു അറ്റകുറ്റ അനുബന്ധ പ്രവർത്തികൾ നടപ്പിലാക്കുന്നതിനായി 31.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ബഡ്ജറ്റിൽ നോർത്ത് കടുങ്ങല്ലൂർ എൽ.പി സ്‌കൂളിൻ്റെ പഴയ കെട്ടിടം പുനർ നിർമ്മിക്കാൻ 2 കോടി രൂപയും കടുങ്ങല്ലൂർ സ്‌കൂളിലെ ശതാബ്ദി മന്ദിരത്തിന് ഓഡിറ്റോറിയത്തിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.