മികച്ച സംരംഭങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ എംഎസ്എംഇ അവാർഡ് കരസ്ഥമാക്കിയ സംരംഭകരെ അനുമോദിച്ച് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

വ്യാവസായിക രംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റത്തിലാണ്. മികച്ച ടീം പ്രവർത്തനങ്ങളുടെ ഭാഗമായാണ് മികച്ച വ്യവസായ കേന്ദ്രത്തിനുള്ള പുരസ്കാരം എറണാകുളത്തിന് ലഭിച്ചത്. വ്യാവസായിക രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ എറണാകുളം വ്യവസായ കേന്ദ്രത്തിലെ ഈ ടീം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംരംഭം എങ്ങനെ ആരംഭിക്കണം, അതിന് ആവശ്യമായ പ്രോത്സാഹനങ്ങൾ, മികച്ച രീതിയിൽ സംരംഭത്തെ എത്തിക്കുന്നതിന് ആവശ്യമായ വഴികൾ എന്നിവയെല്ലാം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്ക് നൽകുന്നുണ്ട്. സ്വയം തൊഴിൽ നേടുന്നതിനോടൊപ്പം നിരവധി പേർക്ക് ജോലി നൽകുന്നതിനും സംരംഭങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് എറണാകുളം ജില്ലക്ക് 13 എം എസ് എം ഇ അവാർഡുകൾ കരസ്ഥമാക്കാൻ സാധിച്ചതെന്ന് ചടങ്ങിൽ അവാർഡ് ജേതാക്കളെ അനുമോദിച്ച് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. വ്യവസായിക രംഗത്ത് കേരളം മുന്നോട്ടു കുതിക്കുകയാണ്. ഇതുവരെ 5 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച സംഘടനാ പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ എന്നിവയെല്ലാം സംരംഭങ്ങളുടെ മികവിനായി ജില്ലയിൽ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം എസ് എം ഇ അവാർഡിൽ സംസ്ഥാനതലത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഒ ഇ എൻ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പമേല അന്ന മാത്യു, മികച്ച മാനുഫാക്ചറിംങ് യൂണിറ്റായി ( ചെറുത് ) തിരഞ്ഞെടുത്ത മറൈൻ ഹൈഡ്രോകൊളോയ്ഡ്സിലെ കുര്യൻ ജോസ്, മികച്ച കയറ്റുമതി യൂണിറ്റായ മാൻ കങ്കോർ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീമോൻ കെ കോര എന്നിവരെയും ജില്ലാതല അവാർഡ് ജേതാക്കളായ ജോൺ കുര്യാക്കോസ് ( ദന്തൽ കെയർ ലാബ് പ്രൈവറ്റ് ലിമിറ്റഡ്), ആനി പൗലോസ് (ജ്യോതി കെമിക്കൽ ഇൻഡസ്ട്രീസ്), ഷെർലി ജോസ് ( പോപ്പുലർ ഇൻഡസ്ട്രീസ്), രാജൻ എൻ നമ്പൂതിരി (ശ്രീധരീയം ഫാം ഹെര്‍ബ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഷൈജി ആഷ്‌ലി ( ആഷ്‌ലി ഫർണിച്ചർ ഇൻഡസ്ട്രീസ്), പിജെ കുര്യച്ചൻ (അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്ത എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബിനെയും ചടങ്ങിൽ ജില്ലാ കളക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു.

ജില്ലയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ സംരംഭകർ അവർ കടന്നുവന്ന വഴികളെയും പ്രതിസന്ധികളെയും അവ തരണം ചെയ്തു വിജയം കണ്ടെത്തിയ രീതികളെയും കുറിച്ച് ചടങ്ങിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു.

ജില്ലയിൽ 2022 -23 വർഷത്തിൽ 14,128 സംരംഭങ്ങളിൽ 33,765 പേർക്ക് തൊഴിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. 1172.48 കോടിയുടെ നിക്ഷേപം കൊണ്ടുവരാനും വ്യവസായ കേന്ദ്രത്തിന് ഈ കാലയളവിൽ സാധിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരായ ആർ രമ, പി സ്വപ്ന, വ്യവസായ വകുപ്പ് ജീവനക്കാർ, സംരംഭകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.