5 മുതല്‍ 7 വയസ്സിനും 15 മുതല്‍ 17 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്‍ നടത്തുന്ന യൂണിഫോം പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന പദ്ധതി മാര്‍ച്ച് 25 ഓടെ പൂര്‍ത്തിയാക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ രേണുരാജ് നിര്‍ദ്ദേശിച്ചു. 5 മുതല്‍ 7 വയസ്സുവരെയുള്ളവര്‍ക്ക് മാര്‍ച്ച് 15 നുള്ളില്‍ അപ്ഡേഷന്‍ നടത്തണം. ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഇതര സ്‌കൂളുകളിലും ബയോമെട്രിക് അപ്‌ഡേഷന് സൗകര്യമൊരുക്കും.

ബയോമെട്രിക് അപ്‌ഡേഷനായി അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്നും കളക്ടര്‍ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളില്‍ പോകുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നഷ്ടപ്പെടുന്ന സാഹചര്യം പരിഹരിക്കാനാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി രക്ഷിതാക്കള്‍ക്ക് അവരവരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരുമായോ 04936206265, 04936206267 എന്ന നമ്പറില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം.

ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായിരുന്ന യോഗത്തില്‍ പ്രോജക്ട് ഓഫീസര്‍ റെജി എന്‍.ജെ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബിജേഷ് ബി.സി, എസ് എല്‍ പി എസ് കുപ്പാടിത്തറ എച്ച്.എം മേജോഷ് പി ജെ, മാനന്തവാടി, ജി.യു.പി.എസ് എച്ച്.എം ജോണ്‍സണ്‍ കെ.ജി, അമ്പുക്കുത്തി ജിഎല്‍പി സ്‌കൂള്‍ എച്ച്.എം. ഗ്രേസി വി എം, ഐടി മിഷന്‍ പ്രോജക്ട് മാനേജര്‍ എസ് നിവേദ്, അക്ഷയ കോ ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, എ.പി.സി. ശ്രീലത, അക്ഷയ പ്രോജക്ട് അസിസ്റ്റന്റ് ജിതേഷ് എ.സി. എന്നിവര്‍ പങ്കെടുത്തു.