ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനെതിരെ  മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിൻ ‘നെല്ലിക്ക’യ്ക്ക് തുടക്കമായി. മലപ്പുറം കോട്ടക്കുന്നിൽ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. ആർ വിനോദ് നിർവഹിച്ചു. ഭക്ഷണങ്ങളിൽ മധുരവും ഉപ്പും ഓയിലും ഉപയോഗിക്കുന്നത് കുറച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുകെട്ടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളിൽ ഹെൽത്തി കൗണ്ടറുകൾ സ്ഥാപിക്കണം. ശാരീരിക-മാനസിക വ്യായാമങ്ങൾ ശീലമാക്കണം. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ, വൃക്ക രോഗികളുള്ളത് മലപ്പുറത്താണ്. ഈ അവസ്ഥക്ക് ഒരു മാറ്റമുണ്ടാവണം. ആദ്യം പുളിക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന നെല്ലിക്ക പോലെ ഈ ക്യാമ്പയിന് വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെല്ലിക്ക ക്യാമ്പയിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന  കൃത്രിമ നിറങ്ങൾ, അമിതമായ അളവിലുളള ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങൾ കൂടി  സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന  ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്പയിൻ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേർത്തു നിർത്തിക്കൊണ്ട്  ഭക്ഷണ നിർമാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ.എം.എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ‌് അസോസിയേഷൻ, കേറ്ററേഴ്സ് അസോസിയേഷൻ, ട്രോമാകെയർ, റസിഡൻ്റ്സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  നടപ്പിലാക്കുന്നത്