ഇലവുങ്കൽ , നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നവംബർ മൂന്നിന് അർധരാത്രി മുതൽ നവംബർ ആറിന് അർധരാത്രി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവായി.
  ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപ റോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. പ്രാർഥനാ യജ്ഞം, മാർച്ച്, പ്രകടനം, പൊതുയോഗം, മറ്റ് നിയമ വിരുദ്ധ സംഘം ചേരൽ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായി ദർശനം നടത്തുന്നതിനും അവരുടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെയും റാന്നി തഹസീൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.