നെൽക്കൃഷിയുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് സർക്കാർ ചെലുത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 2,34,573 കർഷകരിൽ നിന്നായി 1.47 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണ വിലയായി 65,535 കർഷകർക്കായി 335.10 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നെല്ലു സംരംഭണത്തിനായി സിവിൽ സപ്ലൈസ് കോർപ്പറേഷന് 203.9 കോടി രൂപ കൂടി അനുവദിച്ചു.

നെല്ല് സംഭരണത്തിനുള്ള താങ്ങുവില സഹായം കേന്ദ്ര സർക്കാർ ഏറെ നാളായി കുടിശികയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. താങ്ങുവില സഹായ ഇനത്തിൽ കേന്ദ്രസർക്കാർ മൂന്നുവർഷമായി വരുത്തിയ കുടിശ്ശിക 763 കോടി രൂപയാണ്. ഈ വർഷത്തെ കുടിശ്ശിക മാത്രം 388.81 കോടി രുപയുണ്ട്.
കേന്ദ്ര സർക്കാർ വിഹിതത്തിനായി കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി.

സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്നതു കേരളത്തിൽ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. കേരളത്തിൽ പി ആർ എസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് അപ്പോൾ തന്നെ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവ് ബാധ്യത സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഉൽപാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത തീർക്കുന്നതും സംസ്ഥാന സർക്കാരാണ്.

കാർഷിക മേഖലയിലെ ഇടപെടൽ മുലം നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 2,547 കിലോയിൽ നിന്ന് 4,560 കിലോയിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2016 ൽ 1,71,398 ഹെക്ടറിലാണ് നെൽക്കൃഷി നടന്നിരുന്നത്. ഇന്നത് 2,05,040 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെൽവയൽ ഉടമകൾക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം റോയൽറ്റി അനുവദിച്ചിട്ടുണ്ട്.

ഈ സർക്കാർ അധികാരമേറ്റതിനു ശേഷം നാളിതുവരെ 11,082 ഏക്കർ തരിശുനിലങ്ങൾ കൃഷിയോഗ്യമായി. പച്ചക്കറി വികസനത്തിനായി ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. അതിലേറ്റവും പ്രധാനമാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. ഈ പദ്ധതി പ്രകാരം ഈ സർക്കാരിന്റെ കാലത്ത് 55,277 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യപിപ്പിക്കാനായി. 5.57 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഇതുവഴി ഉൽപ്പാദിപ്പിച്ചു. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 1.21 ലക്ഷം ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും അതിലൂടെ 17.23 ലക്ഷം മെട്രിക് പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.